'അന്ന് ട്രോഫിയിൽ കാല് കയറ്റിവെച്ചപ്പോൾ അസ്വസ്ഥരായവർക്ക് ഇന്ത്യൻ താരം ബൂട്ടുകൾ ഉപേക്ഷിച്ച് കരിയർ അവസാനിച്ചപ്പോൾ അസ്വസ്ഥതയില്ല'
national news
'അന്ന് ട്രോഫിയിൽ കാല് കയറ്റിവെച്ചപ്പോൾ അസ്വസ്ഥരായവർക്ക് ഇന്ത്യൻ താരം ബൂട്ടുകൾ ഉപേക്ഷിച്ച് കരിയർ അവസാനിച്ചപ്പോൾ അസ്വസ്ഥതയില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2023, 12:49 pm

ന്യൂദൽഹി: ക്രിക്കറ്റ്‌ ലോകകപ്പ് ട്രോഫിക്ക് മുകളിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ മാർഷ് കാല് കയറ്റി വെച്ച ഫോട്ടോ കണ്ട്‌ അസ്വസ്ഥരായവർക്ക് വാർത്താ സമ്മേളനത്തിൽ ഗുസ്തി താരം സാക്ഷി മാലിക് തന്റെ ബൂട്ടുകൾ ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോയപ്പോൾ യാതൊരു അസ്വസ്ഥതയുമില്ലെന്ന് വിമർശനം.

ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ സിങ്ങിന്റെ അനുയായി സഞ്ജയ്‌ കുമാർ വിജയിച്ചതിന് പിന്നാലെയായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ച് കണ്ണീരോടെ ബൂട്ട് മേശപ്പുറത്തുവെച്ച് സാക്ഷി ഇറങ്ങിപ്പോയത്.

നവംബറിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ലോകകപ്പ് സ്വന്തമാക്കിയതിനെ തുടർന്ന് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസായിരുന്നു വിജയാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിൽ ഒരു ചിത്രത്തിൽ മിച്ചൽ മാർഷ് ട്രോഫിക്ക് മുകളിൽ കാല് കയറ്റി വെക്കുന്നതിനെതിരെ ചില ഇന്ത്യക്കാർ രംഗത്ത് വന്നിരുന്നു.

മിച്ചൽ മാർഷിന്റേത് അപമര്യാദയും അനാദരവും നിറഞ്ഞ പെരുമാറ്റമാണെന്നായിരുന്നു വിമർശനം.

അതേസമയം, ഒളിമ്പിക്സിൽ ഉൾപ്പെടെ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ബൂട്ട്സ് ഉപേക്ഷിച്ചുപോയപ്പോൾ ആരും അസ്വസ്ഥരായില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നു.

‘ഭാരതീയനെ’ അസ്വസ്ഥനാക്കുന്നതും അസ്വസ്ഥതനാക്കാത്തതും എന്ന വാചകത്തോടെയാണ് മാധ്യമപ്രവർത്തകൻ ജോബി ജോർജ് ഇരുചിത്രങ്ങളും പങ്കുവെച്ചത്.

സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബജ്റംഗ് പൂനിയ തനിക്ക് ലഭിച്ച പത്മ പുരസ്കാരവും ഒളിമ്പിക്സ് മെഡലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നിലെ ഫുട്പാത്തിൽ ഉപേക്ഷിച്ചിരുന്നു.

ഡിസംബർ 21ന് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 15 സീറ്റുകളിൽ 13ലും ബ്രിജ് ഭൂഷന്റെ വിശ്വസ്തരാണ് വിജയിച്ചത്.

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നേരത്തെ 40 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന സമരം ഗുസ്തി താരങ്ങൾ നടത്തിയിരുന്നു.

ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ രാജ്യത്തിന് ലഭിച്ച മെഡലുകൾ നദിയിലൊഴുക്കാൻ വരെ താരങ്ങൾ തീരുമാനിച്ചിരുന്നു. തങ്ങൾക്ക് സർക്കാർ തന്ന വാക്ക് പാലിച്ചില്ലെന്നും വിരമിക്കൽ പ്രഖ്യാപന വേളയിൽ സാക്ഷി മാലിക് ചൂണ്ടിക്കാട്ടിയിരുന്നു.

Content highlight: ‘People upset on Michell Marsh for his foot on the trophy are not upset when Indian player left boots and ended her career’