ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ സൈനികവാഹനത്തിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്ററില്‍ മോദിക്കെതിരെ വ്യാപക പ്രതിഷേധം.
ഗഡ്ചിറോലി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി മാപ്പ് പറയണമെന്ന് ട്വിറ്ററില്‍ ആളുകള്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ആക്രമണം രാജ്യത്തിന്റെ സുരക്ഷാ വീഴ്ചയാണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.
‘മോദി, രാജ്‌നാഥ് സിംഗ്, ദേവേന്ദ്ര ഫട്‌നാവിസ്, അജിത് ഡോവല്‍, ഐ.ബി, ഡി.ജി.പി എന്നിവര്‍ക്ക് ഒന്നിലും ഉത്തരവാദിത്തമില്ല. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും ഒരുതരത്തിലും ബന്ധമില്ലാത്ത കനയ്യ, സ്വരാഭാസ്‌ക്കര്‍, ദി വയര്‍, ബര്‍ക്ക ദത്ത് എന്നിവര്‍ മോദിയുടെ ഭരണ വൈകല്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അവരെ കുറ്റപ്പെടുത്തും’- സ്രീവല്‍സ എന്ന യുവാവ് ട്വീറ്റ് ചെയ്തു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് 390 സൈനികര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ സംരക്ഷിക്കുമെന്ന് 24 മണിക്കൂറും പറഞ്ഞുനടക്കുന്ന മോദിയുടെ അവകാശവാദത്തെ തുറന്നുകാണിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഗഡ്ചിറോലി ആക്രമണം ഏറ്റവും ക്രൂരവും നികൃഷ്ടവുമായ പ്രവര്‍ത്തിയാണെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. കുറ്റം ചെയ്തവരെ വെറുതെ വിടുകയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എതിര്‍കക്ഷികളെല്ലാം തന്നെ ഇത് മോദി സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്നും രാജ്യസുരക്ഷയില്‍ വന്ന വീഴ്ച്ചയാണെന്നും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ആക്രമണത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിവച്ചെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.