| Sunday, 3rd November 2019, 5:11 pm

'ഇനിയും വൈകിപ്പിച്ചാല്‍ മഹാരാഷ്ട്രയുടെ താത്പര്യത്തിന് അനുസൃതമായ കാര്യങ്ങള്‍ ചെയ്യും'; ബി.ജെ.പിക്കു വീണ്ടും ശിവസേനയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേന ഭരണത്തിലുണ്ടോ എന്ന കാര്യം വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയുമെന്നു മാധ്യമപ്രവര്‍ത്തകരോട് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പി ഇനിയും സമയം വൈകിപ്പിച്ചാല്‍ മഹാരാഷ്ട്രയുടെ താത്പര്യത്തിന് അനുസൃതമായ കാര്യങ്ങള്‍ തങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച താക്കറെ, പോര് പരസ്യമാക്കുകയാണെന്ന സൂചനയാണു നല്‍കുന്നത്.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ആര്‍.സി.ഇ.പി) ഗുണങ്ങള്‍ എന്തൊക്കെയാണെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘നാളെ കരാര്‍ ഒപ്പിടും മുന്‍പ് നമ്മള്‍ എന്തൊക്കെ വ്യവസ്ഥകളാണ് അംഗീകരിക്കുക? അതെങ്ങനെയാണു രാജ്യത്തിനു ഗുണകരമാകുക? ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണു ഞാന്‍ വിചാരിക്കുന്നത്.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്നു ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്നു ശിവസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖപത്രമായ സാമ്നയിലൂടെയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം തേടുമെന്നും ശിവസേന പറഞ്ഞു. രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സേന അവസരം ചോദിക്കും. എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും മറ്റുള്ളവരുടേയും സഹായമുണ്ടെങ്കില്‍ ഞങ്ങളുടെ സംഖ്യ 170 കടക്കുമെന്നും ശിവസേന പറഞ്ഞു.

ശിവസേനയുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ ബി.ജെ.പിക്ക് 105 സീറ്റിനപ്പുറത്തേക്ക് കിട്ടില്ലായിരുന്നുവെന്നും ശിവസേന പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ കണ്ടിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

15 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി നേതാവ് ഫഡ്നാവിസ് അവകാശപ്പെടുന്നത്. എന്നാല്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവരുടെ നീക്കം പാളുകയായിരുന്നു.

രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ കൂടെ നില്‍ക്കില്ലെന്നാണ് സേനാ നിലപാട്.

We use cookies to give you the best possible experience. Learn more