തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുതിയ വിവാദത്തില്‍. ആര്‍ത്തവത്തെ മരണത്തോടുപമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയില്‍ ഉയരുന്നത്.
മാതൃഭൂമി ദിനപത്രത്തിലെ കണ്ടതും കേട്ടതും പംക്തിയിലാണ് ആര്‍ത്തവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അച്ചടിച്ചുവന്നത്.
“ആര്‍ത്തവം എന്നു പറയുന്നതുതന്നെ ഒരു പിണ്ഡം മരിക്കുന്നതിനു തുല്യമാണ്. സാധാരണ നിലയില്‍ ഒരു മരണമുണ്ടായാല്‍ പുലയും മറ്റും കാരണം നമ്മള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലല്ലോ. അതുതന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്” എന്ന വാക്കുകളാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“പ്രയാര്‍ ഗോപാലകൃഷ്ണന്‍ എവിടുന്നാണ് ഇത്രയധികം മണ്ടത്തരങ്ങള്‍ പഠിച്ചത്? വായ തുറന്നാല്‍ ഓക്കാനം വരുന്ന വര്‍ത്തമാനം പറയുന്ന ആള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് ആയി ഇരിക്കുന്നിടത്തോളം അശ്ലീലം/ആഭാസം ഒന്നും ആര്‍ത്തവരക്തത്തില്‍ ഉണ്ടാകില്ലെന്നും പ്രശസ്ത സാഹിത്യ നിരൂപക ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഓരോ ആര്‍ത്തവത്തിലൂടെയും ഓരോ കുഞ്ഞുജീവന്‍ ഒഴുകിപ്പോകുന്നത് കൊണ്ട് ആര്‍ത്തവം ഉള്ളവര്‍ പുലയും വാലായ്മയും ഉള്ളവരെ പോലെ അകറ്റി നിര്‍ത്തപ്പെടണമത്രേ. എന്റെ പ്രസിഡന്റേ, ഈ വൃത്തികേടെല്ലാം ഒലിപ്പിച്ചു കൊണ്ട് നിങ്ങള്‍ അമ്പലങ്ങളില്‍ ഇങ്ങനെ കയറി ഇറങ്ങരുത്. ആര്‍ത്തവം ഇല്ലാത്ത പെണ്ണുങ്ങളെ കല്യാണം കഴിക്കാന്‍ ഇത്തരക്കാരും അവരുടെ പിന്‍ഗാമികളും തയ്യാറാകട്ടെ. ഒരുപാട് ദൗര്‍ഭാഗ്യവതികള്‍ ഉണ്ട് ഗര്‍ഭപാത്രത്തിന്റെ തകരാറുകള്‍ മൂലം ആര്‍ത്തവം നിലച്ചുപോയവരും ആര്‍ത്തവമേ ഉണ്ടാകാത്തവരുമായി. ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.
“ആര്‍ത്തവ രക്തത്തിലൂടെ ഒഴുകി പോകുന്നത് ചത്ത ഭ്രൂണങ്ങളായത് കൊണ്ട് ഇനി പതിനാറാം ദിവസം അടിയന്തിര സദ്യ കഴിക്കണം എന്ന് പറയുമോ ദേവസ്വം പ്രസിഡന്റ് ” എന്ന് കോളേജ് അധ്യാപിക അജിത ടി.ജി പരിഹാസ രൂപേണ പ്രതികരിച്ചു.
“അങ്ങനെയാണേല്‍ ഓരോ സ്ഖലനവും കൂട്ട മരണങ്ങളല്ലേ? ആ നിലക്ക് ഈ പുലയും മറ്റും ബാധകമല്ലേ?” എന്ന് ജാനി കൃഷ്ണന്‍ ചോദിക്കുന്നു.
“ആര്‍ത്തവം ഒരു പിണ്ഡം മരിക്കുന്നതിന് തുല്യമാണെന്ന്. അതോണ്ട് ഏഴുദിവസം പുല. എന്തായാലും പിണ്ഡം നല്ല മാന്യമായ വാക്കായതോണ്ട് അത് വെച്ച് ഒരു സംശയം ചോദിക്കാനുണ്ട്. അതായത് ഈ സ്ത്രീയുടെ മാസത്തില്‍ ഒരുതവണ മാത്രമുണ്ടാവുന്ന ഈ പിണ്ഡം മരിക്കുന്നതിന് പുല ആണെങ്കില്‍ അതേ സ്ത്രീയുടെ ശരീരത്തില്‍ ദിവസവും എത്രയോ “പുരുഷന്റെ പിണ്ഡം” മരിച്ചുവീഴുന്നു, അതിനൊന്നും പുലയില്ലേ? അതെന്താ ആണുങ്ങളുടെ പിണ്ഡത്തിനിവിടെ ചോദിക്കാനും പറയാനും ആരൂല്ല്യെ? ഈ ലോജിക്ക് വെച്ച് സ്ത്രീകള്‍ക്ക് ഒരൊറ്റ ദിവസം പോലും ക്ഷേത്രത്തില്‍ പോവാന്‍ പറ്റില്ലാല്ലോ . ദിവസവും പുല. ശെടാ !! ആകെ കണ്‍ഫ്യൂഷനായല്ലോ” എന്ന് ധന്യ രാജു പരിഹാസരൂപേണ വിഷയത്തോട് പ്രതികരിച്ചു.
“ഇനി ആരും ക്ഷേത്രത്തില്‍ പോകരുത്, പുല ഒഴിഞ്ഞ നേരം ഉണ്ടാകില്ല” എന്നാണ് ആകാശവാണിയിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ കെ. ആര്‍ ഇന്ദിരയുടെ പ്രതികരണം.
“നാവെടുത്താല്‍ പ്രതിലോമപരവും, അബദ്ധജടിലവുമായ പ്രസ്താവനകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്ന,
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണനെ ചികിത്സിക്കാന്‍ പറ്റിയ വൈദ്യശാസ്ത്രം ഏതാണെന്നാണ്” തലശ്ശേരി സ്വദേശി സുരേഷ് പ്രിന്റിമയുടെ ചോദ്യം.
ടി.ജി മോഹന്‍ദാസിന്റെ , “അരുത് ഷോക്കടിക്കും…!” എന്ന പ്രശസ്ത നാടകത്തിനു ശേഷം, പ്രയാര്‍ ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന പുതിയ നാടകം..! “അരുതരുത്.. നിങ്ങള്‍ക്ക് പെലയാണ്.” എന്ന് പത്തനംതിട്ടക്കാരി ഐറിന്‍ എല്‍സ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.
മുന്‍പും സ്ത്രീവിരുദ്ധ പ്രസ്താവനകളുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ ആര്‍ത്തവം കണ്ടെത്തുന്നതിനുള്ള യന്ത്രം സ്ഥാപിക്കുന്ന കാലത്ത് സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാമെന്ന പ്രയാറിന്റെ പ്രസ്താവന കടുത്ത വിമര്‍ശമാണു വിളിച്ചുവരുത്തിയത്.