ഇന്ധനവില വര്‍ധനവിനെതിരെ തെരുവിലിറങ്ങി ജനങ്ങള്‍; കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
World News
ഇന്ധനവില വര്‍ധനവിനെതിരെ തെരുവിലിറങ്ങി ജനങ്ങള്‍; കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2022, 8:26 am

അല്‍മാട്ടി: ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനവില നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് മാറ്റിയതോടെയാണ് വില കുത്തനെ വര്‍ധിച്ചത്.

കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവാണ് കസാഖിസ്ഥാനിലെ എറ്റവും വലിയ നഗരമായ അല്‍മാട്ടിയിലും എണ്ണ സമ്പന്നമായ മാംഗ്സ്റ്റൗ മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ജനുവരി 5 മുതല്‍ ജനുവരി 19 വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പ്രദേശങ്ങളിലും രാത്രി 11 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ നിലവിലുണ്ടാകും.കഴിഞ്ഞ 2ാം തിയതിയാണ് രാജ്യത്ത് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.

ഹൈഡ്രോകാര്‍ബണ്‍ സമ്പുഷ്ടമായ മാംഗ്സ്റ്റൗവില്‍ എല്‍.പി.ജിയുടെ വില ഇരട്ടിയായി വര്‍ധിച്ചതാണ് പ്രതിഷേധത്തിന് കാരണം, ഇന്ധനത്തിന്റെ വില ലിറ്ററിന് 60 ടെഞ്ചില്‍ (ഇന്ത്യന്‍ രൂപ 10) നിന്ന് 120 ടെഞ്ച് ആയി 2022 ല്‍ ഉയര്‍ത്തിയിരുന്നു.

വാഹനങ്ങളുടെ പ്രധാന ഇന്ധനമെന്ന നിലയില്‍ താരതമ്യേന വിലകുറഞ്ഞ എല്‍.പി.ജിയെയാണ് മാംഗ്സ്റ്റൗ ആശ്രയിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയുടെ വിലയെ ബാധിക്കുന്നുണ്ട്.

കൊവിഡ് കാലം മുതല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ ഇരട്ടിയായി വില വര്‍ധിപ്പിച്ചത്. ഇതോടെയാണ് ജനങ്ങള്‍ വ്യാപകമായി തെരുവിലിറങ്ങിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് 120 ടെന്‍ഞ്ചില്‍ നിന്ന് 50 ടെന്‍ഞ്ചായി ഇന്ധനവില കുറച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാനായില്ല. ഇതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചതും പ്രതിഷേധക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. പ്രസിഡന്റ് ടോകയേവിന്റെ മുന്‍ഗാമിയും ഉപദേഷ്ടാവുമായ നൂര്‍സുല്‍ത്താന്‍ നസര്‍ബയേവിനെതിരെയും സര്‍ക്കാരിനെതിരെയുമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്.

സ്ഥാനമൊഴിഞ്ഞെങ്കിലും 81 വയസ്സുള്ള, നസര്‍ബയേവ്, സുരക്ഷാ കൗണ്‍സിലിന്റെ ചെയര്‍മാനായും ‘രാഷ്ട്ര നേതാവ്’ എന്ന നിലയിലും രാജ്യത്തിന്റെ നിയന്ത്രണം നിലനിര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. സവിശേഷമായ നയരൂപീകരണ അവകാശങ്ങളും വിചാരണയില്‍ നിന്നുള്ള ഇളവും അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്.

‘ഓള്‍ഡ് മാന്‍ ഔട്ട്’ ‘സര്‍ക്കാര്‍ രാജി വെയ്ക്കുക’, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉപയോഗിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ടെലിഗ്രാം, സിഗ്‌നല്‍, വാട്ട്സ്ആപ്പ് തുടങ്ങിയ മെസെഞ്ചര്‍ ആപ്പുകള്‍ ലഭിക്കുന്നില്ല. പ്രതിഷേധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് സ്വതന്ത്ര മാധ്യമ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

People take to the streets to protest against rising fuel prices; A state of emergency has been declared in Kazakhstan