| Thursday, 28th July 2016, 11:01 am

സിനിമ പരാജയപ്പെട്ടാല്‍ നമ്മുടെ കോള്‍ എടുക്കാന്‍ പോലും പലരും തയ്യാറാവില്ല: അഭിഷേക് ബച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വലിയ നടന്റെ മകനായായും എത്ര വലിയ സിനിമാ പാരമ്പര്യമുണ്ടായാലും ഒരു സിനിമ പരാജയപ്പെട്ടാല്‍ പിന്നെ നമ്മുടെ ഫോണ്‍ കോള്‍ പോലും എടുക്കാന്‍ പല സംവിധായകരും മടിക്കുമെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍.

സിനിമയിലെത്തിയിട്ട് 16 വര്‍ഷം പിന്നിടുന്നു. കരിയറില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. ഇനിയും ഏറെ ചിത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇത് വലിയൊരു യാത്രയാണ്. ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനും ഏറെ അഭിമാനിക്കുന്നുണ്ട്.

കരിയറില്‍ നിരവധി പരാജയങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് ആവശ്യവുമാണ്. കാരണം അത്തരം പരാജയങ്ങള്‍ നമ്മെ പലതും പഠിപ്പിക്കും. പരാജയം നുണയാതെ ആര്‍ക്കും വിജയിക്കാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ നമ്മള്‍ അഭിനയിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ആവുകയാണെങ്കില്‍ പിന്നെ നമ്മുടെ കോള്‍പോലും എടുക്കാന്‍ പലരും തയ്യാറാവില്ല.

നമ്മള്‍ ആരുടെ മകനാണെന്നും ഏത് കുടുംബമാണെന്നോ ഒന്നും അപ്പോള്‍ പരിഗണിക്കില്ല. പരാജയം എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും മോശം അനുഭവങ്ങളില്‍ ഒന്നാണ്. ഒരു മനുഷ്യനെ തകര്‍ത്തുകളയുന്ന ഒന്നാണ് അത്.

പല അഭിനേതാക്കളും വളരെ ഇമോഷനലാണ്. ഞാനും ഒരുപക്ഷേ അങ്ങനെ ആയിരിക്കാം. ജീവിതത്തിന്റെ നല്ല വശങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് വിഷമം തോന്നുന്ന സമയത്ത് പോലും ചില തമാശകളിലൂടെയൊക്കെ അതിനെ അതിജീവിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരു പോസിറ്റീവ്‌മേന്‍ ആണെന്ന് പറയാം. സോഷ്യല്‍മീഡിയ ട്രോളുകളൊന്നും കാര്യമായി എടുക്കാറില്ല. അതെല്ലാം ഒരു രസകരമായ സംഗതിയാണ്. – അഭിഷേക് പറയുന്നു.

സിനിമ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അഭിഷേകിന് നിരവധി തവണ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 2000 ത്തില്‍ റെഫ്യൂജി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന അഭിഷേകിന്റെ കരിയര്‍ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും തന്നെയായിരുന്നു.

ഗുരു, ധൂം, ബണ്ടി ഓര്‍ ബബ്ലി, ദോസ്താനാ, ബോല്‍ ബച്ചന്‍തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റുകളായപ്പോഴും പ്രതീക്ഷവെച്ച പല ചിത്രങ്ങളും അമ്പേ പരാജയപ്പെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more