തീവ്ര വലതുപക്ഷ പാർട്ടികളുടെ മുന്നേറ്റത്തിനെതിരെ ഫ്രാൻ‌സിൽ വിദ്യാർത്ഥി അവകാശ സംഘടനകളുടെ പ്രതിഷേധം
World News
തീവ്ര വലതുപക്ഷ പാർട്ടികളുടെ മുന്നേറ്റത്തിനെതിരെ ഫ്രാൻ‌സിൽ വിദ്യാർത്ഥി അവകാശ സംഘടനകളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 8:25 am

പാരീസ്: യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നാഷണൽ റാലി മുന്നേറിയതിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ വിദ്യാർത്ഥി അവകാശ സംഘടനകളുടെ മാർച്ച്. ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ജനങ്ങൾ വലതുപക്ഷ പാർട്ടിയുടെ വിജയത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്.

ലേബർ യൂണിയനുകളും വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് വലതുപക്ഷത്തിന്റെ മുന്നേറ്റത്തിനെതിരെ സമരവുമായി മുന്നോട്ട് വന്നത്. പാരീസിൽ 250,000 പേരും രാജ്യത്തുടനീളം 640,000 പേരും മാർച്ച് ചെയ്തു. പാരീസിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഫ്രാൻസിൽ ഉടനീളം 217,000 പ്രകടനക്കാർ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രഞ്ച് വലതു പക്ഷ പാർട്ടി വിജയം കൈവരിച്ചത്. 27 അംഗരാഷ്ട്രങ്ങളുള്ള യൂറോപ്യൻ പാർല​മെന്റിലേക്ക് ​നടന്ന തെരഞ്ഞെടുപ്പിൽ ഇറ്റലി, ആസ്ട്രിയ, ജർമനി എന്നിവിടങ്ങളിലെല്ലാം വലതു പക്ഷ പാർട്ടികളാണ് വിജയിച്ചത്.

കുടിയേറ്റ വിരുദ്ധ സമീപനമാണ് വലതു പക്ഷ പാർട്ടിയുടേതെന്ന് പറഞ്ഞ് ബാനറുകൾ ഉയർത്തിയാണ് വിദ്യാർത്ഥികളും മറ്റ്‌ സംഘടനകളും പ്രതിഷേധിച്ചത്. വലതു പക്ഷത്തിനെതിരെ ബാലറ്റിലും തെരുവിലും അണി ചേരുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധക്കാർ അണി
നിരന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 30നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അടുത്ത മാസം ഏഴിനും നടക്കും. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെയാണ് വലതു പക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയത്. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതു പക്ഷം മുന്നേറുന്നതിൽ മാക്രോൺ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Content Highlight: people start protest against victory of national rali party in E.U election