| Monday, 24th October 2022, 8:14 am

സമാധാനമായി ജനങ്ങൾക്ക് ജീവിക്കാൻ അവസരമൊരുക്കണം; കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യും: കേന്ദ്ര നിയമ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ കാലഹരണപ്പെട്ടതും പുരാതനവുമായ എല്ലാ നിയമങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഭാരം കുറക്കാൻ വേണ്ടിയാണ് പുതിയ നീക്കമെന്നും മന്ത്രി വ്യക്തമാക്കുന്നു.

ജനങ്ങൾക്ക് സാധിക്കുന്നത്ര സമാധാനപരമായി ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും അവരുടെ ജീവിതത്തിൽ സർക്കാരിന്റെ ഏറ്റവും കുറഞ്ഞ സാന്നിധ്യം ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനല്ല നീതി വ്യവസ്ഥ ലളിതവത്കരിക്കുന്നതിനാണ് നിയമങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“ചില പഴയ നിയമങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ തടസമായി പ്രവർത്തിക്കുകയാണ്. നിയമം പാലിക്കണം എന്നതിൽ ഞങ്ങൾക്ക് ജനങ്ങളുടെ മേലുള്ള ഭാരം കുറക്കേണ്ടതുണ്ട്. ജനങ്ങൾക്ക് സാധിക്കുന്നത്ര സമാധാനപരമായി ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും അവരുടെ ജീവിതത്തിൽ സർക്കാരിന്റെ ഏറ്റവും കുറഞ്ഞ സാന്നിധ്യം ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം,“ റിജിജു പറഞ്ഞു.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനു പകരം അവർക്ക് വേണ്ടി നീതി വ്യവസ്ഥ ലളിതവത്കരിക്കുന്നതിനാണ് നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റിജിജു പറഞ്ഞു.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 1500നിയമങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. ശീതകാല സമ്മേളനത്തിൽ കൂടുതൽ നിയമങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പത്തുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കേന്ദ്ര സർക്കാരിന്റെ റോസ്​ഗാർ മേളയിൽ പങ്കെടുക്കാൻ ഷില്ലോങ്ങിൽ എത്തിയതായിരുന്നു മന്ത്രി. ഇതിനിടെയായിരുന്നു നിയമങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം റോസ്ഗാർ മേളക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തുടക്കം കുറിച്ചിരുന്നു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ചടങ്ങിൽ പുതുതായി നിയമിതരായ 75,000 പേർക്കുള്ള നിയമന ഉത്തരവും കൈമാറിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ 38 മന്ത്രാലയങ്ങളിൽ/വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളാണ് നിലവിൽ നടക്കുന്നത്.

മന്ത്രാലയങ്ങൾ സ്വമേധയാ അല്ലെങ്കിൽ യു.പി.എസ്.സി, എസ്.എസ്.സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് തുടങ്ങിയ റിക്രൂട്ടിങ് ഏജൻസികൾ മുഖേന മിഷൻ മോഡിലാണ് ഈ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്.

Content Highlight: People should be given the opportunity to live in peace; Outdated laws will be removed; Union Law Minister

We use cookies to give you the best possible experience. Learn more