| Tuesday, 3rd October 2023, 9:58 am

ഭയങ്കര ദാരിദ്ര്യം പറച്ചിലാണെന്നാണ് ചിലര്‍ പറയുന്നത്, അത് ഞാന്‍ വളര്‍ന്നു വന്ന വഴിയാണ്: പ്രമോദ് വെളിയനാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടക വേദികളില്‍ നിന്ന് മലയാള മിനിസ്‌ക്രീനില്‍ എത്തി ചുരുങ്ങിയകാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടനാണ് പ്രമോദ് വെളിയനാട്. കള, ജോണ്‍ ലൂതര്‍, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകിളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ പ്രമോദ് നിലവില്‍ തനിക്ക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നതിനെ കുറിച്ച് പറയുകയാണ്.

മൂവി വേള്‍ഡ് മീഡിയ യുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രമോദ്. ജീവിതത്തില്‍ കടന്നുവന്ന വഴികളെ കുറിച്ച് ചോദിച്ച അവതാരകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.

‘പ്രമോദ് എപ്പോഴും ദാരിദ്ര്യം പറയുന്ന ആളാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ന്നു വന്നവനാണ് ഞാന്‍. ഞാന്‍ ഇനി ഒരു അഭിമുഖത്തില്‍ സംസാരിക്കില്ല എന്ന് ഉറപ്പിച്ചതായിരുന്നു. എനിക്ക് ഒരു പരിചയവും ഇല്ലാത്ത ആളുകള്‍ വന്ന് വെറുതെ കമന്റ് ബോക്‌സിലൂടെ എന്നെ ചീത്ത വിളിക്കുമ്പോള്‍ എനിക്കും എന്റെ കുടുംബത്തിനും നല്ല പ്രയാസമുണ്ട്. ഞാന്‍ എന്ത് തെറ്റാണ് ഇവരോട് ചെയ്തത് എന്ന് എനിക്ക് മനസിലാവുന്നില്ല’, പ്രമോദ് പറയുന്നു .

നാടകത്തിന്റെ ഏറ്റവും നെറുകയില്‍ നില്‍ക്കുമ്പോഴാണ് സിനിമയിലേക്ക് കടന്നു വരുന്നതെന്നും ആഗ്രഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും പ്രമോദ് പറഞ്ഞു. സ്‌കൂള്‍ കാലഘട്ടത്തില്‍ കലാരംഗത്തേക്ക് കടന്നുവന്ന തനിക്ക് ഏറ്റവും ഇഷ്ടമുള്ള പണിയാണ് അഭിനയെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

‘അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കാന്‍ കഴിഞ്ഞാല്‍ അത് ഏറ്റവും വലിയ ഭാഗ്യമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അതില്‍ നിന്ന് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അവരത് തുടര്‍ന്നോട്ടെ’ പ്രമോദ് പറഞ്ഞു.

റിലീസിന് മുമ്പ് കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തെ കുറിച്ച് പ്രമോദ് പറഞ്ഞ അഭിപ്രായങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സൈബര്‍ അക്രമണങ്ങള്‍ക്കുള്ള ഉത്തരമായി പ്രമോദ് പറഞ്ഞത് ‘താന്‍ അഭിനയിച്ച ചിത്രത്തെ കുറിച്ച് നല്ലതു പറയണ്ടത് എന്റെ കടമയാണ് ‘എന്നാണ്. കുറ്റം പറയുന്നവരുടെ വാക്കുകള്‍ കേട്ട് അഭിനയത്തോടുള്ള ആഗ്രഹം ഉപേക്ഷിക്കില്ല എന്നും പ്രമോദ് വെളിയനാട് പറയുന്നു.

Content Highlights: People say I’m talking about the terrible poverty but I was talking about the ways of growing up,says Pramod Veliyanadu

We use cookies to give you the best possible experience. Learn more