| Sunday, 22nd May 2022, 3:29 pm

ഒരു മുന്നണിയ്ക്കും പിന്തുണയില്ല; നിലപാട് പ്രഖ്യാപിച്ച് ജനക്ഷേമ സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം നിലപാട് പ്രഖ്യാപിച്ചു. ഒരു മുന്നണിക്കും പിന്തുണയില്ലെന്നാണ് ജനക്ഷേമ സഖ്യത്തിന്റെ നിലപാട്. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്നും സഖ്യം ആവശ്യപ്പട്ടു.

ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്വന്റി ട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനത്തിനായി കെജ്രിവാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നായിരുന്നു അദ്ദേഹം സഖ്യപ്രഖ്യാപനത്തിനിടെ പറഞ്ഞത്.

കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകുമെന്നും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.

ജനക്ഷേമ സഖ്യം ജയപരാജയം നിര്‍ണയിക്കുന്ന ശക്തിയായി മാറിയെന്നും ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു.

ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. 2021 ലഭിച്ചതിനേക്കാള്‍ വോട്ട് സഖ്യത്തിന് ലഭിക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടട്ടേ. മനസാക്ഷി വോട്ട്, സമദൂര വോട്ട് എന്ന് ഇപ്പോഴും പറഞ്ഞിട്ടില്ല, തീരുമാനം ജനങ്ങള്‍ക്ക് വിടുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.

Content Highlights: People’s Welfare Alliance announces standNo front is supported

We use cookies to give you the best possible experience. Learn more