കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാനെതിരെ നടന്ന പൊതുജനങ്ങളുടെ പ്രകടനത്തിനെതിരെ താലിബാന്‍ വെടിവെച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധ റാലിയില്‍ ഉണ്ടായിരുന്നത്.
താലിബാനെ പാക്കിസ്ഥാന്‍ സഹായിക്കുന്നെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് അഫ്ഗാനിസ്ഥാന്‍ ജനത പ്രതിഷേധ ജാഥ നടത്തിയത്.
പാക്കിസ്ഥാനും ചാരസംഘടനയായ ഐ.എസ്.ഐക്കുമെതിരെയാണ് ജനം മുദ്രാവാക്യം മുഴക്കിയത്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ ഇടപെടലിനെതിരെ പ്രതിഷേധിക്കുന്ന ആളുകളെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചെന്നാണ് പറയുന്നത്.
അതേസമയം കാബൂളിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ് നടത്തിയതായിട്ടാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമമായ അശ്വക ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞയാഴ്ച മുതല്‍ പാക്കിസ്ഥാന്‍ ഐ.എസ്.ഐ ഡയറക്ടര്‍ കാബൂളില്‍ ഉണ്ട്. ഇയാള്‍ താമസിക്കുന്ന കാബൂള്‍ സെറീന ഹോട്ടലിലേക്കായിരുന്നു പ്രതിഷേധക്കാരുടെ മാര്‍ച്ച്.
നേരത്തെയും പാക്കിസ്താന്‍ താലിബാനെ ശക്തമായി പിന്തുണച്ചിരുന്നു. താലിബാന്‍ പാകിസ്ഥാനെ തങ്ങളുടെ ‘രണ്ടാമത്തെ വീട്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്‍ വളരെ പ്രധാനപ്പെട്ടതാണെന്നും താലിബാന്‍ അംഗങ്ങളില്‍ പലര്‍ക്കും പാക്കിസ്ഥാനില്‍ കുടുംബങ്ങളുണ്ടെന്നും കുട്ടികള്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
People’s protest in Afghanistan against Pakistan; The Taliban reportedly opened fire