| Friday, 2nd December 2016, 7:47 am

നോട്ട് നിരോധനം; ആറുമാസം കൂടി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നും പുതിയ നോട്ടുകള്‍ക്കനുസരിച്ച് എ.ടി.എമ്മുകള്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. 


ബുവനേശ്വര്‍: നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒന്നോ രണ്ടോ പാദങ്ങള്‍ അതായത് ആറുമാസം കൂടി ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

എന്നാല്‍ ഈ തീരുമാനം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം അതിദീര്‍ഘമായിരിക്കുമെന്ന ന്യായീകരണവും അദ്ദേഹം നിരത്തി. മെയ്ഡ് ഇന്‍ ഒഡിഷ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതിനു പിന്നാലെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് കേന്ദ്രത്തിന്റെ നോട്ട് നിരോധനം, ജി.എസ്.ടി തീരുമാനങ്ങളെ പിന്തുണച്ച് രംഗത്തെത്തി. ഈ വര്‍ഷത്തെ ഒഡിഷയുടെ സാമ്പത്തിക വളര്‍ച്ച ഉയര്‍ന്ന രീതിയിലാണെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇത് ദേശീയ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

നോട്ട് നിരോധിച്ച നടപടിക്ക് പിന്നാലെ നവംബര്‍ 12ാം തീയതി നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നും പുതിയ നോട്ടുകള്‍ക്കനുസരിച്ച് എ.ടി.എമ്മുകള്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ വേണ്ട മുന്നൊരുക്കത്തോടെയല്ല നിരോധനം നടപ്പിലാക്കിയതെന്ന് വിമര്‍ശനമുയരുമ്പോഴാണ് ജനങ്ങളുടെ ബുദ്ധിമുട്ട് വീണ്ടും നീളുമെന്ന് അദ്ദേഹം പറയുന്നത്.

നേരത്തെ 50 ദിവസത്തിനുള്ളില്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ കേന്ദ്ര ധനമന്ത്രി തന്നെ പ്രതിസന്ധി മാറാന്‍ 50 ദിവസത്തിനു പകരം 180 ദിവസമെടുക്കുമെന്നാണ് പറയുന്നത്.

പണം മാറ്റുവാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍  ഇതും നടപ്പിലായില്ല.

We use cookies to give you the best possible experience. Learn more