എടപ്പാളില്‍ സംഘപരിവാര്‍ അക്രമകാരികളെ നാട്ടുകാര്‍ തല്ലിയോടിച്ചു, വീഡിയോ
Kerala News
എടപ്പാളില്‍ സംഘപരിവാര്‍ അക്രമകാരികളെ നാട്ടുകാര്‍ തല്ലിയോടിച്ചു, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 3:05 pm

എടപ്പാള്‍: എടപ്പാളില്‍ സംഘപരിവാര്‍ അക്രമകാരികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. ബൈക്കുകളില്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്. ആര്‍.എസ്.എസ് കൊടിയുമേന്തി നിരവധി ബൈക്കുകളില്‍ നഗരത്തിലെത്തിയ അക്രമകാരികളെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്.

അതേസമയം, ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്ത് നടത്തുന്നത്. കോഴിക്കോട് മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ക്ഷേത്രത്തിനകത്ത് വി.എച്ച്.പിയുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ നിന്നും പിടിച്ചെടുത്തത്.


സെക്രട്ടറിയേറ്റിന് മുന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു. പഴവങ്ങാടിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സമ്മേളനവുമായി ബന്ധപ്പെട്ട സംഘാടക സമിതി ഓഫീസ് ആര്‍.എസ്.എസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണങ്ങളും ഉണ്ടായി.

പാലക്കാട് ജില്ലയില്‍ വിക്ടോറിയ കോളേജിന്റെ ഹോസ്റ്റലിനു നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഒറ്റപ്പാലത്തുള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ അക്രമങ്ങള്‍ നടത്തി.

പന്തളത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ മാതൃഭൂമി ന്യൂസിന്റെ വാഹനം തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തു.


കോഴിക്കോട് പാലൂരില്‍ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകര്‍ന്ന് ഡ്രൈവര്‍ ഷനോജിന് പരിക്കേറ്റു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികള്‍ കൊട്ടാരക്കരയില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്.

വീഡിയോ കാണാം