സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതായി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഇതുവരെ എന്തു ചെയ്തുവെന്ന ചോദ്യം ശക്തമാകുന്നു. ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നു പറഞ്ഞ കമ്മിറ്റി രൂപീകൃതമായി ഒരുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പ്രവര്‍ത്തനം പൂര്‍ത്തിയാക്കാതായതോടെ വീണ്ടും ആറുമാസം കൂടി അനുവദിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്.
താരസംഘടനയായ എ.എം.എം.എ ദിലീപിനെ തിരിച്ചെടുത്ത നടപടിയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകരായ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ കലക്ടീവ് അടക്കം ശക്തമായി രംഗത്തുവന്നതിനു പിന്നാലെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇതുവരെ എന്തു ചെയ്തുവെന്ന ചോദ്യമാണ് ഉയരുന്നത്. “ജസ്റ്റിസ് ഹേമ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ സന്തോഷം തോന്നിയിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ കമ്മീഷന് കഴിയുന്നെങ്കില്‍ നല്ലതല്ലേ. കഷ്ടം.. കമ്മീഷന്‍ രൂപീകരിച്ചിട്ടു ഏകദേശം ഒരു വര്‍ഷം ആകുന്നു. എന്നാല്‍ പ്രവര്‍ത്തനവുമായി ഒരടി മുന്‍പോട്ടു പോകാന്‍ അതിനു കഴിഞ്ഞിട്ടില്ല . പ്രവര്‍ത്തനം, വല്ല സാങ്കേതികതയിലും തട്ടി നില്കുകയാണോ എന്നറിയില്ല. എന്തായാലും അത്തരം തടസ്സങ്ങള്‍ അടിയന്തിരമായി മാറ്റണം. അതിക്രമത്തിനിരയായവള്‍ക്കു നീതി ഉറപ്പ് വരുത്തുന്നതിനോടൊപ്പം ഇനി ആര്‍ക്കും ആ സാഹചര്യം ഉണ്ടാകാതിരിക്കാനും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ എവിടെ ?” എന്നാണ് അഭിഭാഷകയും സ്ത്രീ കൂട്ടായ്മയായ സഖിയുടെ പ്രവര്‍ത്തകയുമായ സന്ധ്യ ജനാര്‍ദ്ദന്‍ പിള്ള ചോദിക്കുന്നത്.
വിമന്‍ ഇന്‍ കലക്ടീവിന്റെ സജീവ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു കമ്മിറ്റിക്ക് രൂപം നല്‍കിയത്. എന്നാല്‍ ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വിമന്‍ ഇന്‍ കലക്ടീവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രൂപീകൃതമായി ആറുമാസത്തിനിപ്പുറവും ജസ്റ്റിസ് ഹേമ കമ്മീഷന്‍ യാതൊരു പ്രവര്‍ത്തനവും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിറ്റി ആറുമാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
“സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഉണ്ടാകുമെന്ന് അറിയിച്ചു.” എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.
എന്നാല്‍ അടുത്തിടെ, തങ്ങളെ സമീപിച്ച് ഇ മെയില്‍ ഐഡി ആവശ്യപ്പെട്ടുവെന്നതും സംഘടനയിലുള്‍പ്പെട്ട ബീനാ പോളുമായി ബന്ധപ്പെട്ടുവെന്നതൊഴിച്ചാല്‍ വലിയ തോതിലുളള നടപടികളൊന്നും കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് ഡബ്ല്യു.സി.സി പ്രവര്‍ത്തകര്‍ പറയുന്നത്.
ഈ കമ്മീഷനില്‍ ഏറെ പ്രതീക്ഷിയുണ്ടായിരുന്നെന്നാണ് വിമന്‍ ഇന്‍ കലക്ടീവ് പ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ ഇത്രയും കാലമായിട്ടും ഒരു ചെറിയ സ്റ്റെപ്പ് പോലും മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലയെന്നത് ഏറെ നിരാശയുണ്ടാക്കിയെന്നാണ് ഡബ്ല്യു.സി.സി പ്രവര്‍ത്തകായയ സജിതാ മഠത്തില്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
“ഇത്രയും ഗൗരവമായ വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത് നമ്മള്‍ പ്രതീക്ഷിക്കുന്നത് ആറുമാസംകൊണ്ട് എന്തെങ്കിലുമൊരു ചെറിയ സ്റ്റെപ്പെങ്കിലും എടുത്തിട്ടുണ്ടാവുമെന്നാണ്. ഒന്നും എടുത്തിട്ടില്ല. അവര്‍ക്ക് അവരുടെ ഓഫീസ് കാറുകള്‍ അങ്ങനെയുള്ള കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധയൂന്നിയിട്ടുള്ളത്. ആറുമാസം കൂടി കാലാവധി നീട്ടിക്കൊടുത്ത സാഹചര്യത്തില്‍ ഇനിയെങ്കിലും അവര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ വളരെ പ്രതീക്ഷയോടെ നോക്കിയിരുന്ന ഒരു കമ്മിറ്റിയാണത്. കാരണം ഞങ്ങളുടെയൊരു പെയിന്‍ മുഴുവനുണ്ട് ആ കമ്മിറ്റിയുണ്ടാക്കിയെടുക്കുന്നതില്‍. അതിനുവേണ്ടി ഞങ്ങളെടുത്ത പണി ചില്ലറയായിരുന്നില്ല. അവര്‍ ശരിയായ രീതിയില്‍ ഇപ്പോഴത്തെ വിഷയങ്ങളെല്ലാം പരിശോധിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആഗ്രഹിക്കുന്നു.” അവര്‍ പറയുന്നു.
“ആറുമാസമെടുത്ത് പഠിക്കേണ്ടൊരു കാര്യം വീണ്ടും സമയമെടുക്കുകയാണ് അത്രയും സമയമില്ല യഥാര്‍ത്ഥത്തില്‍ ഇന്‍ഡസ്ട്രിയുടെ സ്ഥിതി അത്രയും മോശമാണ്. കുറച്ചുനേരത്തെ ചെയ്തുതീര്‍ക്കേണ്ടതായിരുന്നു.” സജിത മഠത്തില്‍ വിശദീകരിക്കുന്നു.
അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവനും ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്. “മലയാളസിനിമ എന്ന തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ ജുഡീഷ്യല്‍ കമ്മീഷന്‍ നാളിതുവരെ എന്ത് ചെയ്തു എന്ന് ആര്‍ക്കെങ്കിലും അറിയാമോ? അവര്‍ ആ പണി ചെയ്യുന്നുണ്ടോ? അതിനു കൂലി വാങ്ങുന്നുണ്ടോ? റിപ്പോര്‍ട്ട് തയ്യാറായോ? ഏത് സ്റ്റേജ് വരെയായി പുരോഗതി? ഇതൊന്നും ഒരു എം.എല്‍.എയ്ക്കും അറിയാന്‍ താല്പര്യമില്ലേ? അതോ ഇതും മുട്ടാപ്പോക്ക് ഉത്തരമായ, “ശേഖരിച്ചു വരുന്നു” എന്നതില്‍ ഒതുങ്ങുമോ?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ശക്തമായതോടെ കമ്മിറ്റിക്ക് ആറുമാസം കൂടി നീട്ടി നല്‍കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു വിഷയത്തെക്കുറിച്ച് സര്‍ക്കാല്‍ തലത്തില്‍ പഠിക്കുന്നതെന്നതും അന്വേഷണത്തിന് പിന്തുടരാന്‍ നടപടിക്രമങ്ങളോ കീഴ്‌വഴക്കങ്ങളോ ഉണ്ടായിരുന്നില്ല എന്നതുമാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ജസ്റ്റിസ് ഹേമ അധ്യക്ഷയായുള്ള കമ്മിറ്റിയില്‍ നടി ശാരദ, കെ. വത്സലകുമാരി എന്നിവര്‍ അംഗങ്ങളാണ്.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.