ജയ്പൂര്‍: രാജസ്ഥാനില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.പിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. അല്‍വാര്‍ (Alwar) മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി പ്രതിനിധി ബാബ ബാലക്‌നാഥിനെതിരെയാണ് (Baba Balaknath) പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ജനുവരി അഞ്ചിന് ഒരു ആശുപത്രിയില്‍ നടന്ന വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി എം.പി പൊലീസുകാരുമായി തര്‍ക്കത്തിലായതും അവരെ ഭീഷണിപ്പെടുത്തിയതും. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം നടക്കുന്നത്.
”ബാബ, നിങ്ങളുടെ ഫേക്കായ മുഖം ഞങ്ങള്‍ അംഗീകരിക്കില്ല,” (tumhara nakli chehra nahi chalega) എന്നെഴുതിയ ബാനറുകളടക്കമാണ് നാട്ടുകാര്‍ പ്രതിഷേധസൂചകമായി ഉയര്‍ത്തിപ്പിടിക്കുന്നത്. പൊലീസുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്, ബാബ ബാലക്‌നാഥിന്റെ ഡമ്മി പ്രതിമയില്‍ ചെരിപ്പുമാല അണിയിച്ചുകൊണ്ടും ജനങ്ങള്‍ പ്രകടനം നടത്തുന്നുണ്ട്.
ബാലക്‌നാഥ് മൂര്‍ദാബാദ് പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.
ആശുപത്രിയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ ബാലക്‌നാഥിന്റെ അണികളില്‍ ചിലരെ ചോദ്യം ചെയ്യലിനായി ബെഹ്‌റോര്‍ (Behror) പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ബി.ജെ.പി നേതാവ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ഇയാളെ സ്റ്റേഷന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞപ്പോഴാണ് പൊലീസുകാരെ എം.പി ഭീഷണിപ്പെടുത്തിയത്.
രാജസ്ഥാന്‍ പൊലീസിലെ ഡി.എസ്.പി ആനന്ദ് റാവു അടക്കമുള്ളവരെയായിരുന്നു ബി.ജെ.പി എം.പി ഭീഷണിപ്പെടുത്തിയത്. ”ഒമ്പത് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഭരണം മാറിക്കഴിഞ്ഞാല്‍ അവന്‍ ചെയ്തതിന്റെ ഫലം ഞാന്‍ അവനെക്കൊണ്ട് അനുഭവിപ്പിക്കും. എല്ലാവര്‍ക്കും ‘മോക്ഷം’ ലഭിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്തും,” എന്നായിരുന്നു ബാബ ബാലക്‌നാഥ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്.