| Monday, 29th April 2019, 11:41 pm

ശാന്തിവനം സംരക്ഷിക്കാന്‍ പ്രതിഷേധം ശക്തമാകുന്നു; ടവര്‍ നിര്‍മിക്കാന്‍ അര സെന്റ് സ്ഥലം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കെ.എസ്.ഇ.ബിയുടെ വിചിത്ര വാദം

ജംഷീന മുല്ലപ്പാട്ട്

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ രണ്ട് ഏക്കറിലായി 200 വര്‍ഷമായി സംരക്ഷിച്ചു പോരുന്ന മനുഷ്യ നിര്‍മിത വനമായ ശാന്തിവനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രതിഷേധം ശക്തമാകുന്നു. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.

കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി ടവര്‍ നിര്‍മാണം തുടങ്ങിയ പിറ്റേദിവസം ഡൂള്‍ ന്യൂസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്മാരിലൊരാളായ രവീന്ദ്രനാഥിന്റെ സ്വകാര്യ ഭൂമിയാണത്. അദ്ദേഹത്തിന്റെ മകള്‍ മീന മേനോനാണ് ഇപ്പോള്‍ ഈ വനം സംരക്ഷിച്ചു പോരുന്നത്. മൂന്നു കാവുകളും കുളങ്ങളും വ്യത്യസ്ഥ ജീവജാലങ്ങളും അടങ്ങിയ ജൈവവൈവിധ്യ കലവറയാണ് ശാന്തിവനം എന്ന് അറിയപ്പെടുന ഈ സംരക്ഷിത വനഭൂമിയെന്ന് കേരള വന സംരക്ഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തിയതാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പരിസ്ഥിതി, സാമൂഹ്യ, സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ശാന്തിവനത്തിനു മുമ്പില്‍ സമരം നടക്കുന്നത്.

എഴുത്തുകാരി കെ.ആര്‍ മീര, എഴുത്തുകാരന്‍ സുനില്‍.പി.ഇളയടം, സംവിധായകന്‍ അരുണ്‍ ഗോപി, പരിസ്ഥിതി പ്രവര്‍ത്തകരായ കുസുമം ജോസഫ്, പുരുഷന്‍ ഏലൂര്‍, ഫാ.അഗസ്റ്റിന്‍ വട്ടോളി, പരിസ്ഥിതി ശാസ്ത്രഞ്ജനായ വി.എസ് വിജയന്‍, വിദ്യാര്‍ഥികള്‍, പക്ഷി നിരീക്ഷകര്‍ തുടങ്ങി നിരവധി ആളുകള്‍ ശാന്തിവനത്തിനു വേണ്ടിയുള്ള സമരത്തില്‍ പങ്കാളികളാണ്.

‘നിരവധി ആളുകള്‍ ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പല മേഖലയില്‍ പെട്ട ആളുകള്‍ വിഷയം മനസ്സിലാക്കി ശാന്തിവനം നിലനിര്‍ത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ട് തന്നെയാണ് സമരപന്തലില്‍ എത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ശാന്തിവനം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. നിലവില്‍ നാനൂറില്‍ കൂടുതല്‍ ആളുകള്‍ ഒപ്പിട്ട നിവേദനം തയ്യാറാക്കിയിട്ടുണ്ട്. ശാന്തിവനത്തിലെ ജൈവവൈവിധ്യത്തിന്റെ പഠനം നടത്തിയ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഇതൊക്കെവെച്ച് വിശദമായ വാര്‍ത്താസമ്മേളനം വിളിക്കും.വേറെയും കുറെ കാര്യങ്ങള്‍ പറയാനുണ്ട്’- മീനാ മേനോന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ശാന്തിവനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന വാദം കെ.എസ്.ഇ.ബി ഉന്നയിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് എപ്പോഴും പ്രത്യേക പരിഗണന നല്‍കുന്ന സ്ഥാപനമാണ് കെ.എസ്.ഇ.ബി എന്നാണ് അവരുടെ വാദം. ശാന്തിവനത്തെ സംരക്ഷിച്ചുകൊണ്ട് നാട്ടുകാര്‍ക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുക എന്നതാണ് കെ.എസ്.ഇ.ബിയുടെ നയമെന്നും ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിന് പേര്‍ക്കാണ് പ്രയോജനം ഉണ്ടാകുന്നതെന്നും കെ.എസ്.ഇ.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

‘ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വര്‍ഷം മുമ്പ് ഭരണാനുമതി ലഭിച്ചതാണ് മന്നം-ചെറായി 110 കെ.വി. ടവര്‍ലൈന്‍ പദ്ധതി. പലവിധത്തിലുള്ള തടസ്സങ്ങളാല്‍ മുടങ്ങിപ്പോയ പദ്ധതിയാണിത്. ടവര്‍ലൈന്‍ വരുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. 7.8 കോടിക്ക് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഇപ്പോള്‍ 30.47 കോടിയാണ് ചെലവ് കണക്കാക്കുന്നത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 19.4 മീറ്റര്‍ ഉയരത്തിലാണ് ലൈന്‍ വലിക്കുന്നത്. ഇത് പരമാവധി മരങ്ങളെ ഒഴിവാക്കി പോകുന്നതിനാണ്. ഇടുങ്ങിയ ഫൗണ്ടേഷനാണ് ശാന്തിവനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനായി എടുത്തിട്ടുള്ളത്. സാധാരണ നിലയില്‍ മൂന്ന് സെന്റ് സ്ഥലം വേണ്ടയിടത്ത് 0.62 സെന്റ് സ്ഥലം മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. മാത്രമല്ല, മൂന്നുനില കെട്ടിടങ്ങള്‍ വരെ ടവര്‍ലൈന്‍ പോകുന്ന പ്രദേശത്ത് നിര്‍മിക്കുന്നതിനുള്ള പ്രത്യേക അനുമതിയും നല്‍കിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹിയറിങ് നടത്തുകയും ശാന്തിവനത്തിന്റെ വടക്കേ അറ്റത്തുകൂടി ലൈന്‍ വലിക്കുന്നതിനായി ബദല്‍ പ്ലാന്‍ സമര്‍പ്പിക്കുകയും ചെയ്തതാണ്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ പരാതിക്കാരി കൂട്ടാക്കിയില്ല. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടവര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചത്’- കെ.എസ്.ഇ.ബി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ കെ.എസ്.ഇ.ബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം നുണയാണെന്ന് മീന മേനോന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അവര്‍ പറയുന്നുണ്ട്, ഒറ്റ മരം പോലും മുറിക്കില്ല എന്ന്. പിന്നെ എന്തിനാണ് 48 മരങ്ങള്‍ മുറിക്കും എന്നുപറഞ്ഞ് കെ.എസ്.ഇ.ബി എനിക്ക് കത്ത് തന്നത്? മീനാ മേനോന്‍ ചോദിക്കുന്നു.

‘നിലവില്‍ 12 മരങ്ങള്‍ ശാന്തിവനത്തില്‍ നിന്നും മുറിച്ചിട്ടുണ്ട്. ടവറിന്റെ നിര്‍മാണം തുടങ്ങുമ്പോള്‍ ഒരു മരം മാത്രേ മുറിക്കൂ എന്ന് പറഞ്ഞ ആളുകള്‍ ആദ്യം മൂന്നു മരം മുറിച്ചു മാറ്റി. പിന്നീട് ഘട്ടം ഘട്ടമായി 12 മരങ്ങളാണ് മുറിച്ചു മാറ്റിയത്. ഇപ്പോള്‍ 48 മരങ്ങള്‍ മുറിക്കുമെന്ന കത്തും തന്നിട്ടുണ്ട്. പിന്നെ കെ.എസ്.ഇ.ബി പറയുന്ന മറ്റൊരു കാര്യം അര സെന്റു സ്ഥലത്താണ് ടവര്‍ നിര്‍മിക്കുന്നതെന്ന്. എന്നാല്‍ ഏകദേശം 50 സെന്റ് കാട് പൂര്‍ണമായും ടവറിന്റെ പണി കഴിയുന്നതോടെ നശിക്കും.

ടവറിനു വേണ്ടി കുഴിയെടുത്തപ്പോള്‍ ബാക്കി വന്ന സ്ലറിയും അവര്‍ കാട്ടിലേയ്ക്കാണ് ഒഴുക്കി വിട്ടത്. അടിക്കാടിനു വളരാന്‍ കഴിയാത്ത വിധത്തിലാണ് അവര്‍ സ്ലറി ഒഴുക്കി വിട്ടിരിക്കുന്നത്. വെട്ടിമാറ്റിയ സ്ഥലവും സ്ലറി ഒഴുക്കിവിട്ട സ്ഥലവും കൂടിയാണ് ഈ 50 സെന്റ്. സ്ലറി ഒഴുക്കിവിട്ട സ്ഥലത്ത് അടിക്കാടുകള്‍ വളരില്ല എന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ വി.എസ് വിജയന്‍ മാഷാണ് പറഞ്ഞത്. അത്രയ്ക്ക് പാരിസ്ഥിതിക പ്രശ്‌നങ്ങളും കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ട്’- മീന മേനോന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

2013ലാണ് ശാന്തിവനത്തില്‍ വൈദ്യുത ടവര്‍ സ്ഥാപിക്കാന്‍ പോകുന്നു എന്ന് കെ.എസ്.ഇ.ബി, ഉടമയെ അറിയിക്കുന്നത്. തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടര്‍ കമ്മീഷനെ നിയമിക്കുകയും വനത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് കെ.എസ്.ഇ.ബിയോട് ആള്‍ട്ടര്‍നേറ്റീവ് റൂട്ട് തയ്യാറാക്കി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു. ആ റൂട്ടിലെ ടവര്‍ ശാന്തിവനത്തോട് ചേര്‍ന്നായിരുന്നു. ഇതു സമ്മതിക്കാന്‍ ഉടമ തയ്യാറുമായി. എന്നാല്‍ രണ്ടാഴ്ചക്കു ശേഷം ആ റൂട്ട് താന്‍ തള്ളിക്കളഞ്ഞു എന്ന എ.ഡി.എമ്മിന്റെ ഉത്തരവാണ് ലഭിക്കുന്നതെന്ന് മീനാ മേനോന്‍ പറയുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു.

ഇതിനിടെ 2019 മാര്‍ച്ച് 14ന് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ വീണ്ടും സമീപിച്ചപ്പോള്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേസ് വീണ്ടും കേള്‍ക്കുകയും ഏപ്രില്‍ നാലിന് കെ.എസ്.ഇ.ബിയ്ക്ക് അനുകൂലമായി വിധി പറയുകയും ചെയ്തു.

കോടതിയില്‍ കെ.എസ്.ഇ.ബിക്കാര്‍ വ്യാജ മാപ്പ് ഹാജരാക്കിയതായി മീനാ മേനോന്‍ പറഞ്ഞിരുന്നു. അതില്‍ പറയുന്നത് ആള്‍ട്ടര്‍നേറ്റീവ് റൂട്ടില്‍ രണ്ടു കാവുകള്‍ ഉണ്ടെന്നാണ്. കേസ് കോടതി തള്ളി. തുടര്‍ന്ന് ഏപ്രില്‍ ആറിനാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ ടവര്‍ നിര്‍മാണ ജോലികള്‍ തുടങ്ങിയത്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more