ഹൈദരാബാദ്: കോണ്‍ഗ്രസും ബി.ആര്‍.എസും ചേര്‍ന്ന് ഹൈദരാബാദ് എ.ഐ.എം.ഐ.എമ്മിന് പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി. ഹൈദരാബാദിലെ ജനങ്ങള്‍ കന്നുകാലികളോ രാഷ്ട്രീയക്കാരുടെ സ്വത്തോ അല്ലെന്നാണ് ഉവൈസി പറഞ്ഞത്.
ബുധനാഴ്ചയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും ബി.ആര്‍.എസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘ഹൈദരാബാദ് സീറ്റ് ഉവൈസിക്ക് പാട്ടത്തിന് നല്‍കിയെന്നാണ് മോദി തെലങ്കാനയില്‍ വന്ന് പ്രസംഗിച്ചത്. ഹൈദരാബാദിലെ ജനങ്ങള്‍ കന്നുകാലികളല്ല. ഞങ്ങളും പൗരന്‍മാരാണ്. 40 വര്‍ഷങ്ങളായി ഹൈദരാബാദ് ഹിന്ദുത്വയുടെ ദുഷിച്ച ആശയങ്ങള്‍ പരാജയപ്പെടുത്തി എ.ഐ.എം.ഐ.എമ്മിനെയാണ് വിശ്വസിക്കുന്നത്,’ ഉവൈസി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ട് വഴി 6,000 കോടി നല്‍കിയതിന് പകരമായി മോദി ഇന്ത്യയുടെ സ്വത്തുക്കള്‍ പാട്ടത്തിന് നല്‍കുകയാണെന്നും ഉവൈസി ആരോപിച്ചു. ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി ഫണ്ട് നല്‍കിയ 21 പേര്‍ക്ക് ഇപ്പോള്‍ രാജ്യത്തെ 21 കോടി ജനങ്ങളേക്കാള്‍ കൂടുതല്‍ സ്വത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40 വര്‍ഷമായി ഹൈദരാബാദില്‍ ബി.ജെ.പി പരാജപ്പെടുന്നതിന്റെ നിരാശയിലാണ് മോദിയെന്ന് ഉവൈസി അടുത്തിടെ പ്രതികരിച്ചിരുന്നു.
40 വര്‍ഷമായി ഞങ്ങള്‍ ഹൈദരാബാദില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നു. 2014ലും 2019ലും പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നെങ്കിലും ഹൈദരാബാദില്‍ വിജയിച്ചത് എ.ഐ.എം.ഐ.എം തന്നെയാണ്. എന്നാല്‍ പി.എം കെയര്‍ ഫണ്ടിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് മോദി മറുപടി നല്‍കണമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച തെലങ്കാനയിലെ കരിംനഗറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. ഇത്രയും വര്‍ഷമായി ഹൈദരാബാദ് കോണ്‍ഗ്രസും ബി.ആര്‍.എസും ചേര്‍ന്ന് എ.ഐ.എം.ഐ.എമ്മിന് പാട്ടത്തിന് നല്‍കിയെന്നാണ് മോദി പറഞ്ഞത്.
Content Highlight: “People Of Hyderabad Are Not Cattle”: A Owaisi On PM’s “Lease” Remark