|

എല്ലാം സൗജന്യമായി ലഭിക്കുന്നതിനാല്‍ ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി സൗജന്യ റേഷനും പണവുമടക്കം ലഭിക്കുന്നതിനാല്‍ ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് സുപ്രീം കോടതി. ഇക്കാരണത്താല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന രീതി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നഗരപ്രദേശങ്ങളിലെ ഭവനരഹിതരായ ജനങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നടപടി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

നിര്‍ഭാഗ്യവശാല്‍ സൗജന്യങ്ങള്‍ കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുകയും ഒരു ജോലിയും ചെയ്യാതെ പണവും ലഭിക്കുന്നതാണ് കാരണമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

ജനങ്ങളോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും താത്പര്യത്തെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും പക്ഷേ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കി രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാന്‍ അനുവദിക്കുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു.

അതേസമയം നഗരങ്ങളിലെ ഭവന രഹിതര്‍ക്ക് പാര്‍പ്പിടം നല്‍കുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ഈ വിഷയത്തില്‍ നഗര ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യം എത്ര സമയത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രത്തിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്താനും കോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.

Content Highlight: People not willing to work because everything is free: Supreme Court

Latest Stories