പ്രതിപക്ഷമല്ല, തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊരുതിയത് ജനങ്ങൾ: ചന്ദ്രശേഖർ ആസാദ്‌
India
പ്രതിപക്ഷമല്ല, തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊരുതിയത് ജനങ്ങൾ: ചന്ദ്രശേഖർ ആസാദ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2024, 1:11 pm

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊരുതിയത് പ്രതിപക്ഷമല്ലെന്നും ഇന്ത്യൻ ജനതയാണെന്നും ഭിം ആർമി നേതാവും ആസാദ് സമാജ് പാർട്ടിയുടെ സ്ഥാപകനുമായ ചന്ദ്രശേഖർ ആസാദ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ദി വയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ നാഗിന മണ്ഡലത്തിൽ നിന്ന് 1.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചന്ദ്രശേഖർ ആസാദ് മികച്ച വിജയം കൈവരിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നയങ്ങൾക്കെതിരെ ജനങ്ങളാണ് പൊരുതിയെന്ന് അദ്ദേഹം ദി വയറിനോട് പറഞ്ഞു.

‘സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിൽ ബി.ജെ.പിയെ പൊരുതി തോൽപ്പിച്ചത് പ്രതിപക്ഷമല്ല, മറിച്ച് അത് ഇന്ത്യയിലെ ജനങ്ങളാണ്. ബി.ജെ.പിയുടെ നയങ്ങൾക്കെതിരെ ജനങ്ങൾ അതിശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇത് ദളിത് വിഭാഗത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ഒ.ബി.സി വിഭാഗത്തിന്റെയും വിജയമാണ്,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ബി.ജെ.പിയുടെ നയങ്ങളുമായി വരുന്ന ഏതൊരു പാർട്ടിക്കും ഇന്നത്തെ ബി.ജെ.പിയുടെ ഗതി തന്നെയായിരിക്കുമെന്നും അദ്ദേഹം ഓർമ്മപ്പിച്ചു.

ദളിതർക്കും, ഒ.ബി.സി വിഭാഗത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യാ മുന്നണി കൂടുതൽ അവസരങ്ങൾ നൽകിയത് ബി.ജെ.പിയെ മറികടക്കാൻ അവരെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിക്കും ഒറ്റക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഏക് അകേല സബ് പേ ബാരി,’ (ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും) അദ്ദേഹം ദി വയറിനോട് പറഞ്ഞു. ഒറ്റയ്ക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതിനുള്ള വലിയ ഉദാഹരണമാണ് തന്റെ വിജയമെന്നും ആസാദ് കൂട്ടിച്ചേർത്തു.

തന്റെ വിജയം ഡോ. ബി.ആർ അംബേദ്കറിനും കാൻഷിറാമിനും സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലേക്കുള്ള തന്റെ പ്രവേശനം സംസ്ഥാനത്തെ ദളിത് രാഷ്ട്രീയത്തിന്റെ വിജയമായിട്ടാണ് താൻ കാണുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

സഹാറൻപൂരിൽ വെച്ച് ആസാദിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് വെടിയേറ്റിരുന്നു. ആക്രമണം കഴിഞ്ഞ് ഒരുവർഷം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയായിരുന്നു.

ഉത്തർപ്രദേശ് പ്രാദേശിക രാഷ്ട്രീയത്തിൽ സജീവ പങ്കാളിയാണ് അദ്ദേഹം. 2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് അദ്ദേഹം നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഒരു മാസത്തോളം ആസാദിനെ ജയിലിലടച്ചു. 2022ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അദ്ദേഹം ഗോരഖ്പൂരിൽ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

 

 

 

Content Highlight: People, Not Opposition, Fought Election Against BJP: Chandra Shekhar Aazad