കരിങ്കൊടിയല്ല മാസ്‌ക്കാണ്; മോദി പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മാസ്‌ക്കും സോക്‌സും നിര്‍ബന്ധിച്ച് അഴിച്ചുവെപ്പിച്ചു
national news
കരിങ്കൊടിയല്ല മാസ്‌ക്കാണ്; മോദി പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മാസ്‌ക്കും സോക്‌സും നിര്‍ബന്ധിച്ച് അഴിച്ചുവെപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th March 2022, 10:16 pm

പൂനെ: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കറുത്ത മാസ്‌ക്കും സോക്‌സും നിര്‍ബന്ധിച്ച് അഴിച്ചുവെപ്പിച്ചു.  ചില വിദ്യാര്‍ത്ഥികളോട് അവര്‍ ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങള്‍ ഒഴിവാക്കാനായാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കറുത്ത വസ്ത്രങ്ങളും മാസ്‌ക്കും അഴിച്ചുവെപ്പിക്കുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

പൂനെയിലെ എം.ഐ.ടി കോളേജില്‍ വെച്ചു നടന്ന ചടങ്ങിലായിരുന്നു വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും മാസ്‌ക്കും അഴിച്ചുവെപ്പിച്ചത്.

എന്നാല്‍ വേദിയിലേക്ക് കറുത്ത കൊടി കൊണ്ടുവരുന്നതിന് മാത്രമാണ് തങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതെന്നായിരുന്നു പൂനെ പൊലീസ് കമ്മീഷണറായ അമിതാഭ് ഗുപ്ത പറഞ്ഞത്.

‘ഏതെങ്കിലും തരത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുന്നുവെന്നാണ് അനുമാനിക്കുന്നത്. കറുത്ത കൊടിയും കറുത്ത തുണിയും പരിപാടി നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു നിര്‍ദേശം നല്‍കിയത്. ഒരിക്കലും കറുത്ത വസ്ത്രങ്ങളെ കുറിച്ചല്ല,’ ഗുപ്ത പറയുന്നു.

വിദ്യാര്‍ത്ഥികളെ മാത്രമല്ല, പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ കറുത്ത മാസ്‌ക്കുകളും ഊരിമാറ്റിയിരുന്നു.

പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഛത്രപതി മഹാരാജിന്റെ പ്രതിമ, മെട്രോ റെയിലിന്റെ ഒരു ഭാഗം, ഇന്ത്യയുടെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണിന്റെ പേരില്‍ സമര്‍പ്പിച്ച ആര്‍ട്ട് ഗാലറി, സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ എന്നിവയായിരുന്നു മോദിയുടെ ഏകദിന സന്ദര്‍ശനത്തില്‍ ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസമായ ഞായറാഴ്ച രാവിലെ കോണ്‍ഗ്രസും എന്‍.സി.പിയും സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളിലേക്ക് കൊവിഡ് പകരാന്‍ കാരണം മഹാരാഷ്ട്രയാണെന്ന മോദിയുടെ പരാമര്‍ശം സംസ്ഥാനത്തെ അപമാനിക്കുന്നതായിരുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘ഗോ ബാക്ക് മോദി’ എന്ന പ്ലക്കാര്‍ഡുകളടക്കം ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

Content highlight:  People made to remove black masks, socks During Modi’s Pune Visit