'നീയെന്താ ശ്രീദേവിയെപ്പോലെയും ജാൻവിയെപ്പോലെയുമല്ലാത്തത്'; കളിയാക്കലുകൾ കേട്ടു മടുത്തിരുന്നു; ഖുഷി കപൂറിന് പറയാനുള്ളത്
Film News
'നീയെന്താ ശ്രീദേവിയെപ്പോലെയും ജാൻവിയെപ്പോലെയുമല്ലാത്തത്'; കളിയാക്കലുകൾ കേട്ടു മടുത്തിരുന്നു; ഖുഷി കപൂറിന് പറയാനുള്ളത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 2:42 pm

ന്യൂദൽഹി: ഇൻ​സ്റ്റ​ഗ്രാം വീഡിയോയിലൂടെ മനസു തുറന്ന് അന്തരിച്ച ബോളിവു നടി ശ്രീദേവിയുടെയും ചലചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെയും മകൾ ഖുഷി കപൂർ. തന്റെ ജീവിതത്തിൽ അനുഭവിച്ച അരക്ഷിതാവസ്ഥയെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും അവയ്ക്ക് കാരണമായ ഘടകങ്ങളെക്കുറിച്ചുമെല്ലം തികച്ചും വൈകാരികമായാണ് ഖുഷി കപൂർ വീഡിയോയിലൂടെ സംസാരിച്ചത്. ഖുഷിയുടെ പ്രൈവറ്റ് ഇൻസ്റ്റ​ഗ്രാം വീഡിയോ മറ്റൊരു ഇൻസ്റ്റ​ഗ്രാം ഉപയോ​ക്താവ് ഷെയർ ചെയ്തതിന് പിന്നാലെയാണ് വീഡിയോ ട്രെൻഡിങ്ങ് ആകുന്നത്.

താൻ 19 വയസ്സുള്ള ഒരു സാധാരണ പെൺകുട്ടിയാണ് എന്ന് പറഞ്ഞ് സംസാരിക്കാൻ ആരംഭിച്ച ഖുഷി താനാ​ഗ്രഹിക്കുന്ന തരത്തിലുള്ള വ്യക്തിയായി ഇതുവരെ മാറാൻ സാധിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ് എന്നും പറയുന്നു. ഞാൻ ഒന്നും ചെയ്യാതെ തന്നെ ആളുകൾ എന്നോട് വളരെ അധികം സ്നേഹം കാണിക്കുന്നതിലും അഭിനന്ദിക്കുന്നതിലുമെല്ലാം സന്തോഷമുണ്ട്. ഞാനത് അർഹിക്കുന്നില്ല എന്ന് എനിക്ക് അറിയാം എന്നും ഖുഷി കൂട്ടിച്ചേർത്തു.

താൻ ഒരു നാണക്കാരിയും അന്തർമുഖയുമായ പെൺകുട്ടിയാണ് എന്നും ഖുഷി വീഡിയോയിൽ പറയുന്നുണ്ട്. ബോളിവുഡ് നടിയായ അമ്മ ശ്രീദേവിയെപ്പോലെയും സഹോദരി ജാൻവി കപൂറിനെപ്പോലെയുമല്ല തന്നെ കാണാൻ ‍എന്നത് കൊണ്ട് തന്നെ നിരവധി പേർ കളിയാക്കിയിട്ടുണ്ട് എന്നും ഖുഷി പറഞ്ഞു.

Khushi Kapoor reveals she will debut in Bollywood with a Karan ...
ഇത് മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ട്. എങ്ങിനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം തുടങ്ങിയവയെപ്പോലും ഇത്തരത്തിൽ ഉള്ള കളിയാക്കലുകൾ ബാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പം ആയതുകൊണ്ട് തന്നെ ഇതൊക്കെ എങ്ങിനെ നേരിടുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാനൊരു സാധാരണ മനുഷ്യനാണെന്ന് ആളുകൾ തിരിച്ചറിയണം. ഒരു കുട്ടിയെന്ന രീതിയിൽ എന്റെ മാതാപിതാക്കളെ ഞാൻ കാണുന്ന രീതിയെപ്പോലും ഇത്തരം ചോദ്യം ചെയ്യലുകൾ ബാധിച്ചിരുന്നു. ഖുഷി പറഞ്ഞു.

 

എന്നാൽ കാലക്രമേണ സ്വയം സ്നേഹിക്കാൻ താൻ പഠിച്ചുവെന്നും ഖുഷി പറയുന്നു. നിങ്ങൾ സ്വന്തം ശരീരത്തെയും നിറത്തെയും സ്നേഹിക്കാൻ പഠിക്കണം. ആരെങ്കിലും നിങ്ങളെ അതിന്റെ പേരിൽ കളിയാക്കുകയാണെങ്കിൽ അവരോട് പോയി പണി നോക്കാൻ പറയണം. തീർച്ചയായും ആളുകൾ അതിന് നിങ്ങളെ അഭിനന്ദിക്കും വിഡീയോ അവസാനിപ്പിക്കവെ ഖുഷി കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക