മുസാഫര്‍നഗര്‍ കലാപം: ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഇരകളല്ലെന്ന് മുലായംസിങ് യാദവ്
India
മുസാഫര്‍നഗര്‍ കലാപം: ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഇരകളല്ലെന്ന് മുലായംസിങ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2013, 7:21 am

[]മുസാഫര്‍നഗര്‍:മുസാഫര്‍നഗറിലെ  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ കലാപത്തിലെ ഇരകളല്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്.

കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിനേയും മുലായംസിങ് യാദവ് രൂക്ഷമായി വിമര്‍ശിച്ചു.

ക്യാമ്പിലുള്ളവര്‍ മനപൂര്‍വം മറ്റെന്തോ ഉദ്ദേശത്തില്‍ അവിടെ കഴിയുന്നവരാണ്. കോണ്‍ഗ്രസുകാര്‍ അവിടെ രാത്രികാലങ്ങളില്‍ സന്ദര്‍ശനം നടത്തി അവരെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്യാമ്പിലുള്ള ആരും കലാപത്തിലെ ഇരകളല്ല. തിരഞ്ഞെടുപ്പ് വരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ ക്യാമ്പില്‍ തുടരുന്നത്- മുലായംസിങ് യാദവ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ രാഹുല്‍ ഗാന്ധി ഒരു കളളനെ പോലെ രാത്രി ദുരിതാശ്വാസ ക്യമ്പില്‍ എത്തുന്നു, എന്നാല്‍ അവിടെ അനീതിയും അക്രമവും നടന്ന സമയത്ത് അദ്ദേഹം എവിടെ പോയിരുന്നു- മുലായം ചോദിച്ചു.

കലാപത്തിന് ശേഷം തങ്ങള്‍ കലാപബാധിതര്‍ക്ക് നഷ്ടപരിഹാരവും, ജോലിയും നല്‍കി അതേ സമയം ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലര്‍ കലാപഭൂമിയിലുടെ കൈ വീശിക്കാണിച്ച് കടന്നു പോവുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതെല്ലാം നടക്കുമ്പോള്‍ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സംഘവും എവിടെയായിരുന്നുവെന്നും മുലായം ചോദിച്ചു.

നിങ്ങള്‍ അഖിലേഷിനെ പിടിച്ച് മുഖ്യമന്ത്രിയാക്കി. പക്ഷേ എന്നെയോ! എനിക്കുമുണ്ട് ഒരു സ്വപ്നം. പ്രധാനമന്ത്രിയാവണമെന്ന്. ഞാനൊരു സന്യാസിയൊന്നുമല്ല- മുലായം കൂട്ടിച്ചേര്‍ത്തു.