| Friday, 21st June 2024, 12:50 pm

കർണാടകയിൽ താമസിക്കുന്നവർ കന്നഡ സംസാരിക്കണം; ദേശവും ഭാഷയും ഒരു പോലെ സംരക്ഷിക്കണം: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്നവർ കന്നഡ ഭാഷ സംസാരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേശവും വെള്ളവും ഭാഷയും ഒരുപോലെ സംരക്ഷിക്കണമെന്നും, അത് കന്നടക്കാരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടക വിധാൻ സൗധിന്‍റെ പടിഞ്ഞാറെ കവാടത്തിൽ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമി പൂജ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കന്നടക്കാരനും മറ്റുള്ളവരുമായി കന്നടയിൽ സംസാരിക്കണണമെന്നും ഓരോരുത്തരും ഭാഷയെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കന്നഡക്കാർ വിശാല മനസുള്ളവരാണ്. അതുകൊണ്ടാണ് മറ്റു നാട്ടിലുള്ളവർക്ക് ഇവിടെ വന്നാൽ അവരുടെ ഭാഷയിൽ സംസാരിക്കാൻ കഴിയുന്നത്. നിങ്ങൾ തമിഴ്‌നാട്ടിലേക്കോ കേരളത്തിലേക്കോ ആന്ധ്രാപ്രദേശിലേക്കോ പോയാൽ അവിടെയുള്ള ആളുകൾ കർണാടകയിലെ ആളുകളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക ഭാഷയിലാണ് സംസാരിക്കുന്നത്.

നമ്മൾ മറ്റുള്ളവരുമായി കന്നഡയിൽ ആശയവിനിമയം നടത്തേണ്ടതുണ്ട്. ഇത് യഥാർത്ഥത്തിൽ അഭിമാനത്തിൻ്റെ കാര്യമായിരിക്കണം, നമ്മുടെ ഭാഷയിൽ സംസാരിക്കുമ്പോൾ ഒരാൾക്ക് അപകർഷത തോന്നേണ്ട കാര്യമില്ല,’ സിദ്ധരാമയ്യ പറഞ്ഞു.

ഇംഗ്ലീഷിനോടുള്ള ഭ്രാന്താണ് കന്നഡയെ അവഗണിക്കാൻ കാരണമെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പല മന്ത്രിമാരും ഉദ്യോഗസ്ഥരും ഇംഗ്ലീഷിലാണ് കുറിപ്പുകൾ എഴുതുന്നതെന്നും സർക്കാരിനും മറ്റ് സംസ്ഥാനങ്ങൾക്കും വേണ്ടി എഴുതുമ്പോൾ ഇംഗ്ലീഷ് ഉപയോഗിക്കാമെന്നും എന്നാൽ കർണാടകയുടെ ഭരണത്തിൽ കന്നഡയ്ക്ക് പ്രാധാന്യം നൽകിയിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

വിധാന്‍ സൗധിന്റെ പടിഞ്ഞാറെ കവാടത്തില്‍ സ്ഥാപിക്കുന്ന നന്ദാദേവി ഭുവനേശ്വരിയുടെ 25 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ നിര്‍മാണം നവംബര്‍ ഒന്നിന് പൂർത്തിയാകും.

Content Highlight: People living in Karnataka should learn Kannada’: Chief Minister Siddaramaiah

We use cookies to give you the best possible experience. Learn more