| Monday, 6th March 2017, 10:34 am

'എവിടെ പരിപാടി നടത്തിയാലും ഇത് തന്നെയാണല്ലോ അവസ്ഥ'; വാരാണസിയിലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല ; സദസ് വിട്ടിറങ്ങി പ്രവര്‍ത്തകര്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണസയില്‍ തിരഞ്ഞെടുപ്പ് റാലിക്ക് സമാപനം കുറിച്ചുകൊണ്ടുള്ള പരിപാടിയില്‍ മോദി സംസാരിച്ചുകൊണ്ടിരിക്കെ സദസ് വിട്ട് ആളുകള്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.

മോദിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന വേളയിലും പരാമാവധിയാളുകളെ പങ്കെടുപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലി വിജയമാക്കാന്‍ ബി.ജെ.പിക്കാര്‍ കിണഞ്ഞുശ്രമിക്കുമ്പോഴാണ് മോദി തന്നെ നേരിട്ട് പങ്കെടുക്കുന്ന പരിപാടിയില്‍ പോലും ആളുകളെ കിട്ടാത്തത്.

മോദിയുടെ സംസാരം വേദിയില്‍ നടന്നുകൊണ്ടിരിക്കെ സദസ് വിട്ട് ആളുകള്‍ പുറത്ത് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജനതാ കാ റിപ്പോര്‍ട്ടറാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ മോദി വിജയിച്ചുകയറിയ മണ്ഡലമായിരുന്നു വാരാണസി. മോദി സംസാരിച്ചുകൊണ്ടിരിക്കെ ഇറങ്ങിപ്പോകുന്ന പ്രവര്‍ത്തകരില്‍ മിക്കവാറും പേര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയാണ്.

തലയില്‍ ബി.ജെ.പി എന്നെഴുതിയ തൊപ്പിയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മുദ്രകളും അണിഞ്ഞവര്‍ തന്നെയാണ് കൂട്ടത്തോടെ സദസില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. മാര്‍ച്ച് 8 നാണ് വാരണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

50000ത്തിലേറെപ്പേരുടെ സാന്നിധ്യമുണ്ടാകുമെന്ന് ബി.ജെ.പി അവകാശപ്പെട്ട പനാജിയിലെ മോദിയുടെ റാലിയിലും പകുതിയിലേറെ കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു

അതിന് മുന്‍പ് പഞ്ചാബിലെ ജലന്ധറില്‍ മോദി പങ്കെടുത്ത റാലിയിലും കുറഞ്ഞ ആളുകള്‍ മാത്രമാണുണ്ടായത്. വേദിയില്‍ മോദി പ്രസംഗിക്കുമ്പോള്‍ കസേരകളില്‍ നിന്നും ആളുകള്‍ എഴുന്നേറ്റ് പോകുന്നതിന്റെ ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more