| Tuesday, 13th March 2018, 10:24 am

ഇ.വി.എം എന്നാല്‍ 'ഈച്ച് വോട്ട് ഫോര്‍ മോദി'; അതുകൊണ്ടാണ് തങ്ങള്‍ അധികാരത്തിലെത്തിയതെന്നും ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഇ.വി.എം എന്നാല്‍ “ഈച്ച് വോട്ട് ഫോര്‍ മോദി” എന്നാണെന്ന് ഗുജറാത്ത് ഊര്‍ജ്ജ മന്ത്രി പ്രദീപ്‌സിങ് ജഡേജ . ഗുജറാത്ത് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍മാരെ ബോധവത്കരിക്കാനുള്ള വിവരസാങ്കേതിക മന്ത്രാലയത്തിന്റെയും തെരഞ്ഞെടുപ്പു കമ്മീഷന്റെയും ശ്രമങ്ങളെ പുകഴ്ത്തി സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

“ഗുജറാത്ത് രാജ്യത്ത് നമ്പര്‍ വണ്‍ ആയിട്ടുണ്ടെങ്കില്‍ അതിന് വിവരസാങ്കേതിക മന്ത്രാലയം ഏറെ പരിശ്രമിച്ചിട്ടുണ്ട്.” മന്ത്രി പ്രദീപ്‌സിങ് ജഡേജ പറഞ്ഞു.


Also Read: മോദിയെ കെട്ടിപ്പിടിച്ച് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഗൂഢസ്മിതം; കാരണമന്വേഷിച്ച് സോഷ്യല്‍ മീഡിയ


“വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനും വോട്ടര്‍മാരെ ബോധവത്കരിക്കാനും ഞങ്ങളുടെ വിവരസാങ്കേതിക മന്ത്രാലയം ഒരുപാട് പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. അതിന്റെ ഫലവും ഉണ്ടായിട്ടുണ്ട്. വോട്ടര്‍മാര്‍ ബോധവത്കൃതരായി. തെരഞ്ഞെടുപ്പു ഫലം വന്നു. ഫലം വന്നശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇ.വി.എമ്മുമായും വി.വിപാറ്റുമായും ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഇ.വി.എം എന്നാല്‍ എല്ലാ വോട്ടും മോദിക്ക് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അതാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതെന്നും” ജഡേജ പറഞ്ഞു.

കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയത്തെ ആശ്രയിക്കുകയാണെന്നും ജഡേജ കുറ്റപ്പെടുത്തി. ഫോട്ടോ എടുക്കാന്‍ മാത്രമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Must Watch:ട്രോളുകളിലെ സ്ത്രീവിരുദ്ധത; ഡൂള്‍ന്യൂസ് വീഡിയോസ്‌റ്റോറി കാണാം


We use cookies to give you the best possible experience. Learn more