ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ മൊറോക്കോയില്‍ ജനകീയ പ്രതിഷേധം.
നയതന്ത്രബന്ധം പുനരാരംഭിച്ചതിന്റെയും നോര്‍മലൈസേഷന്‍ ഡീലിന്റെയും (Normalisation deal) രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആയിരക്കണക്കിന് മൊറോക്കക്കാരാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിലായി പ്രതിഷേധിച്ചത്.
ഇസ്രഈല്‍- മൊറോക്കന്‍ സര്‍ക്കാരുകള്‍ക്കെതിരായും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുമാണ് റബാത്ത് (Rabat), ബെര്‍കേന്‍, വജ്ദ, മെക്‌നെസ്, കസബ്ലാന്‍ക, ഖരീബകത്, അല്‍ ജദീദ, ബെനീ- മെല്ലാല്‍, ടന്‍ജ്യെര്‍, അഗാദിര്‍, തസ, സഫി, മുഹമ്മദിയ എന്നിങ്ങനെ 30ലധികം നഗരങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
തലസ്ഥാനമായ റബാത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന് മുമ്പിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് കൊണ്ടായിരുന്നു പ്രതിഷേധം.
ഇസ്രഈലുമായുള്ള നോര്‍മലൈസേഷന്‍ കരാറിനെതിരെയാണ് ഈ പ്രതിഷേധങ്ങളെന്ന് മൊറോക്കന്‍ ഫ്രണ്ട് ഇന്‍ സപ്പോര്‍ട്ട് ഓഫ് പലസ്തീന്‍ ആന്‍ഡ് എഗെയ്ന്‍സ്റ്റ് നോര്‍മലൈസേഷന്‍ (The Moroccan Front in Support of Palestine and Against Normalisation) പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രഈലിനെതിരായ ഫലസ്തീന്റെ ചെറുത്തുനില്‍പ്പിന് പ്രതിഷേധക്കാര്‍ നിരുപാധിക പിന്തുണ അറിയിച്ചുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അല്‍ അഖ്സ മസ്ജിദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.
2000ലായിരുന്നു ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ വിച്ഛേദിച്ചത്. പിന്നീട് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ അമേരിക്കയുടെ മധ്യസ്ഥതയിലായിരുന്നു ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ മൊറോക്കോ കരാറിലേര്‍പ്പെട്ടത്.
നേരത്തെ ഖത്തര്‍ വേള്‍ഡ് കപ്പില്‍ മൊറോക്കന്‍ ഫുട്‌ബോള്‍ ടീമും ആരാധകരും പരസ്യമായി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ലോകകപ്പ് സെമി ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഫലസ്തീന്റെ പതാക ഏന്തിക്കൊണ്ടായിരുന്നു മൊറോക്കന്‍ ടീം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.