പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ പഴിക്കുന്നത്; വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് സുപ്രീംകോടതി
national news
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ പഴിക്കുന്നത്; വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th November 2021, 1:43 pm

ന്യൂദല്‍ഹി: ദല്‍ഹി വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. മലീനികരണ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറരുതെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു.

വായുമലിനീകരണത്തിന് പ്രധാന കാരണം അയല്‍സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കല്‍ ആണെന്നാണ് ദല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്. വൈക്കോല്‍ കത്തിക്കുന്നത് തടയലാണ് മലിനീകരണം തടയാനുള്ള വഴിയെന്നും വൈക്കോല്‍
സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, കര്‍ഷകര്‍ക്ക് അതൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു.

യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക ഭദ്രതയുണ്ടാകില്ലെന്നും അത് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

കര്‍ഷകര്‍ വര്‍ഷങ്ങളായി വൈക്കോല്‍ കത്തിക്കുന്നുണ്ട്. അത് മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അത് തടയാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അതിന് പകരം അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ടാണ് കര്‍ഷകര്‍ക്ക് വൈക്കോല്‍ കത്തിക്കേണ്ടി വരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

വിഷയത്തില്‍ എന്തൊക്കെ നടപടികളാണ് പഞ്ചാബ്, ഹരിയാന, യു.പി സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായവും കോടതി ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: “People In Delhi 5-Star Hotels Blame Farmers”: Supreme Court On Pollution