ഷിംല: ജയ്റാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ ഹിമാചല്‍ പ്രദേശില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിന്നാലാമത്തെ മുഖ്യമന്ത്രിയാണ് ജയ്റാം. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയെ കൂടാതെ മഹേന്ദ്ര സിങ്, സുരേഷ് ഭരദ്വാജ്, അനില്‍ ശര്‍മ, സര്‍വീന്‍ ചൗധരി, റാം ലാല്‍ മാര്‍കണ്ടെ, വിപിന്‍ സിങ് പര്‍മര്‍, വീരേന്ദര്‍ കന്‍വര്‍, വിക്രം സിങ്, ഗോവിന്ദ് സിങ്, രാജീവ് സഹ്ജല്‍, കിഷന്‍ കപൂര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ജനങ്ങള്‍ക്ക് തങ്ങളിലുള്ള വിശ്വാസം സംരക്ഷിക്കുമെന്നും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും അധികാരമേറ്റതിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ജയ്‌റാം ഠാക്കൂര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ എന്റെ അച്ഛനെ ഓര്‍ക്കുകയാണ്. അദ്ദേഹം കൂടെയില്ലെന്ന വിഷമം ഉണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ എത്തിയില്ലെങ്കിലും അവരുടെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഠാക്കൂര്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പിയുടെ വിജയം ഓരോ സാധാരണക്കാരന്റേയും വിജയമാണെന്ന് ഠാക്കൂറിന്റെ ഭാര്യ സാധന ഠാക്കൂര്‍ പറഞ്ഞു. ഒരുപാട് പ്രതീക്ഷയോടെയാണ് ബി.ജെ.പിയെ ജനങ്ങള്‍ അധികാരത്തിലേറ്റിയതെന്നും ജനങ്ങളുടെ വിഷമതകള്‍ കണ്ടറിഞ്ഞ് അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആചാര്യ ദേവ്വ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതോടെയാണ് ജയ്റാം ഠാക്കൂര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. മുമ്പ് അഞ്ചുവട്ടം എം.എല്‍.എ ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.