കര്‍ണാടകയില്‍ ബി.ജെ.പി തീര്‍ന്നു; രാജ്യത്ത് ഇനി മാറ്റത്തിനുള്ള സമയം; കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്
Karnataka Election
കര്‍ണാടകയില്‍ ബി.ജെ.പി തീര്‍ന്നു; രാജ്യത്ത് ഇനി മാറ്റത്തിനുള്ള സമയം; കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 2:31 pm

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷം പങ്കുവെച്ചും ബി.ജെ.പിയെ വിമര്‍ശിച്ചും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ യാത്ര അവസാനിച്ചിരിക്കുന്നെന്നും ജനങ്ങള്‍ അവരെ ഉപേക്ഷിച്ചുകഴിഞ്ഞെന്നും ദിനേഷ് റാവു പറഞ്ഞു. മോദി സര്‍ക്കാരിന്റെ തോല്‍വി കൂടിയാണ് ഇത്. ജനങ്ങള്‍ കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബി.ജെ.പിയെ കൈവിട്ടിരിക്കുന്നു. കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് മൊത്തത്തില്‍ നല്‍കുന്ന ഒരു സന്ദേശം കൂടിയാണ് ഇത്. ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ് ഇത്.
മാറ്റത്തിനുള്ള സമയം വന്നുകഴിഞ്ഞുവെന്ന് രാജ്യത്തിന് മുഴുവന്‍ സന്ദേശം നല്‍കുകയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.


മോദിയുടെ ദുര്‍ഭരണം അവസാനിക്കുന്ന അന്ന് ഇന്ത്യ യഥാര്‍ത്ഥ ദീപാവലി ആഘോഷിക്കും; ചന്ദ്രബാബു നായിഡു


ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ ഷിമോഗ ലോക്സഭാ മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പി കഷ്ടിച്ച് വിജയിച്ചത്. രാമനഗര, ജാഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലും ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലുമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ രാഘവേന്ദ്ര 52148 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിമോഗയില്‍ വിജയിച്ചത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ് യെദ്യൂരപ്പ മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. എന്നാലിപ്പോള്‍ മകന് 52148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയായ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മത്സരിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയിച്ചത്.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയാണ് വിജയിച്ചത്. നേരത്തെ ജാംഖണ്ഡി പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു.

മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്. ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയും വിജയിച്ചു. രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെല്ലാരിയിലെ വിജയം.

ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.