മര്‍ദ്ദകനിയമങ്ങളെ ദുരുപയോഗപ്പെടുത്തുന്ന ഭരണകൂട നടപടിയില്‍ ജനങ്ങള്‍ക്ക് അസംതൃപ്തി: ഉപരാഷ്ട്രപതി
Daily News
മര്‍ദ്ദകനിയമങ്ങളെ ദുരുപയോഗപ്പെടുത്തുന്ന ഭരണകൂട നടപടിയില്‍ ജനങ്ങള്‍ക്ക് അസംതൃപ്തി: ഉപരാഷ്ട്രപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2014, 7:15 pm

HAAA

ന്യൂദല്‍ഹി:  അഫ്‌സ്പയടക്കമുള്ള നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതില്‍ ഭരണകൂടങ്ങളോട്  ജനങ്ങള്‍ക്ക് കടുത്ത നൈരാശ്യമാണ് ഉള്ളതെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. നിയമജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വി.എം താര്‍ക്കുണ്ടെ അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്ത് ബൗദ്ധികവും നിയമപരവുമായ നിരവധി ചട്ടക്കൂടുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവയെല്ലാം കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നില്ല. ഭരണഘടനാപരവും നിയമപരവുമായ ഉറപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിരന്തരമായ വിവേചനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ വിധേയരാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണനിര്‍വഹണത്തിന്റെ എല്ലാ തലത്തിലും പൂര്‍ണമായ ഉത്തരവാദിത്വം കൊണ്ടുവന്നാല്‍ കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപെടുന്ന മാതൃക ഇല്ലാതാവുമെന്നും ഇതു ഭരണകൂടത്തെ തങ്ങളുടെ കുറ്റങ്ങള്‍ക്കും ശരികളുടെയും മേല്‍ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുമെന്നും അന്‍സാരി പറഞ്ഞു.

വികസനത്തിന്റെ പാതയില്‍ നാം കുതിച്ച് കൊണ്ടിരിക്കെ ജനങ്ങളുടെ പാരമ്പര്യവകാശങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും തമ്മില്‍ സന്തുലനം ആവശ്യമാണെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ വികസനത്തെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൗതിക സമൃദ്ധിയുടെ പേരില്‍ സ്വാതന്ത്ര്യത്തെ നിരപ്പാക്കാതിരിക്കാന്‍ ജനങ്ങള്‍ ബോധവാന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.

് ഭക്ഷണം, വിദ്യഭ്യാസം, എന്നിവ ഉറപ്പാക്കുന്നതില്‍ നൂതനമായ നിയമ നിര്‍മാണം ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇവ നടപ്പിലാക്കുന്നതില്‍ അസന്തുലനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ നക്‌സല്‍ ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിക്കാനടക്കമുള്ള അവകാശങ്ങളുടെ മേലുള്ള  ഭരണകൂടങ്ങളുടെ അതിക്രമം രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.