ന്യൂദല്‍ഹി: രാജ്യത്തെ അസഹിഷ്ണുത കൊലപാതകങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ.
പശുവിന്റെ പേരിലും ലൗജിഹാദിന്റെ പേരിലും ആളുകള്‍ കൊല ചെയ്യപ്പെടുകയാണ്. കലാകാരന്മാരെ അവരുടെ തലകൊയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. സാമൂഹിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും കാര്‍ട്ടൂണിസ്റ്റുകളെയുമടക്കം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണ്. ആര്‍.എം ലോധ പറഞ്ഞു. രാജ്യം മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലേയെന്നും ലോധ ചോദിച്ചു.
നമ്മള്‍ മനുഷ്യാവകാശദിനം ആചരിക്കാറുണ്ടെങ്കിലും രാജ്യത്തിന്റെ യഥാര്‍ത്ഥ സാഹചര്യം മറ്റൊന്നാണെന്നും ആര്‍.എം ലോധ പറഞ്ഞു. മനുഷ്യാവകാശ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നവര്‍ സമൂഹത്തിന് മുന്നില്‍ കുറ്റക്കാരാവുന്നില്ലെന്നും പൊലീസിന്റെ നടപടികളില്‍ വീഴ്ചയുണ്ടാകുന്നുവെന്നും ഇത് തന്നെ ഭയപ്പെടുത്തുന്നുവെന്നും ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞു.
ഗോസരംക്ഷണത്തിന്റെയും ലൗജിഹാദിന്റെയും പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടുകയാണെന്നും രാജ്യത്ത് ഗോരക്ഷകര്‍ തഴച്ചുവളരുകയാണെന്നും ജസ്റ്റിസ് ലോധ പറഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ പ്രണയിക്കുമ്പോള്‍ മതം ഘടകമാകേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നിയമങ്ങളും ശക്തമായ ജുഡീഷ്യറിയും ഭരണഘടനയുമൊക്കെ ഉണ്ടായിട്ടും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ലെന്നും ജസ്റ്റിസ് ലോധ പറഞ്ഞു.