| Saturday, 5th December 2020, 5:45 pm

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, അധികാരികള്‍ അതനുവദിക്കണം; കര്‍ഷക പ്രതിഷേധത്തില്‍ ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ഐക്യ രാഷ്ട്രസഭ. യു.എന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ ദുജാറിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ പത്ത് ദിവസമായി തുടരുന്ന കാര്‍ഷിക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയോട് എനിക്ക് പറയാനുള്ളത് ഇതാണ്; ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അത്തരത്തില്‍ പ്രതിഷേധിക്കാന്‍ അധികാരികള്‍ അവരെ അനുവദിക്കുകയും വേണം,’ സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

വിദേശ നേതാക്കള്‍ കാര്‍ഷിക പ്രതിഷേധത്തില്‍ പിന്തുണയും പ്രതികരണവും അറിയിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കര്‍ഷകരെക്കുറിച്ച് കൃത്യമായി ധാരണയില്ലാതെ ചില പ്രതികരണങ്ങള്‍ വരുന്നത് കണ്ടു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനുചിതമാണ് എന്നായിരുന്നു അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അദ്ദേഹത്തിന്റെ കാബിനറ്റിലുള്ളവരും കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിച്ചതിനെതിരെ ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. അനുവദിക്കാന്‍ സാധിക്കാത്ത ഇടപെടല്‍ എന്നായിരുന്നു ഇന്ത്യ അതിനെ വിശേഷിപ്പിച്ചത്. വിഷയത്തില്‍ പ്രതികരിച്ച മറ്റു രാജ്യങ്ങളെയും സര്‍ക്കാര്‍ വിമര്‍ശിച്ചു.

അതേസമയം ലോകത്തെവിടെയാണെങ്കിലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടി കാനഡ നിലകൊള്ളും. ഇപ്പോള്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചത് കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് ട്രൂഡോ വീണ്ടും രംഗത്തെത്തിയിരുന്നു.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നത്. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചിരുന്നു. നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

പത്ത് ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: People Have A Right To Demonstrate Peacefully, UN to India on farmers’ protest

We use cookies to give you the best possible experience. Learn more