|

ഇ.വി.എമ്മിലുള്ള സംശയം ഇപ്പോഴും നിലനില്‍ക്കുന്നു; ജനവിധി അംഗീകരിക്കുന്നെന്നും ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. ജനവിധി അംഗീകരിക്കുന്നെന്നും എന്നാല്‍ ഇ.വി.എമ്മില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെന്നുമായിരുന്നു പവാര്‍ പറഞ്ഞത്.

” ജനങ്ങളുടെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ അതേസമയം തന്നെ ഇ.വി.എമ്മില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്. രാജീവ് ഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചു. ആ സമയത്ത് തെരഞ്ഞെടുപ്പില്‍ ആരും സംശമുയര്‍ത്തിയിരുന്നില്ല. അതേ അവസ്ഥ തന്നെയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി അധികാരത്തിലെത്തിയപ്പോഴും. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ജനങ്ങള്‍ പൂര്‍ണമായും ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് രംഗത്തെത്തിക്കഴിഞ്ഞു. അത് സത്യമാണ്- ശരദ് പവാര്‍ പ്രതികരിച്ചു.

നേരത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അത് വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷത്തെ തളര്‍ത്താന്‍ മാത്രമാണ് ഇത്തരമൊരു പോള്‍ പുറത്തുവിട്ടതെന്നും പവാര്‍ പ്രതികരിച്ചിരുന്നു.

എന്‍.സി.പിയുടെ ശക്തിമണ്ഡലമായ ബാരാമതിയില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ പിന്നിലാണ്. മാവല്‍ മണ്ഡലത്തില്‍ കൊച്ചുമകന്‍ പാര്‍ത്ഥും ശിവസേന സ്ഥാനാര്‍ത്ഥിയേക്കാള്‍ ഏറെ പിന്നിലാണ്. വലിയ തിരിച്ചടിയാണ് എന്‍.സി.പി സംസ്ഥാനത്ത് നേരിടുന്നത്.