| Saturday, 15th May 2021, 8:19 pm

സര്‍ക്കാരുകളും ഭരണകൂടവും അശ്രദ്ധ കാണിച്ചു; കൊവിഡ് വ്യാപനത്തിന് കാരണം അശ്രദ്ധയെന്ന് ആര്‍.എസ്.എസ് തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കാണിച്ച അലംഭാവമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്.

ആദ്യ തരംഗത്തിന് ശേഷം ജനങ്ങളും സര്‍ക്കാരുകളും ഭരണകൂടവും അശ്രദ്ധ കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.

”ആദ്യ തരംഗത്തിനുശേഷം നമ്മള്‍ എല്ലാവരും അശ്രദ്ധരായി. ആളുകള്‍, സര്‍ക്കാരുകള്‍, ഭരണകൂടം എല്ലാവരും. ഇത് സംഭവിക്കുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നമ്മള്‍ അശ്രദ്ധരായിരുന്നു,” ഭാഗവത് പറഞ്ഞു.

രാജ്യത്ത് കൊവിഡ് അതി രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.എസ് തലവന്റെ വിമര്‍ശനം.

രാജ്യത്ത് കഴിഞ്ഞദിവസവും റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ്. കഴിഞ്ഞദിവസം 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി.

മെയ് 14 വരെയുള്ള ഐ.സി.എം.ആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: People, Government Became Negligent After First Covid Wave”: RSS Chief

We use cookies to give you the best possible experience. Learn more