ഒരു ജീവിതകാലം കൊണ്ട് ഉണ്ടാക്കിയെടുത്ത വീടും പറമ്പും കണ്‍മുന്നില്‍കൂടി ഒലിച്ചുപോകുന്നത് നിസ്സഹായതയോടുകൂടി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്ന് റിസോര്‍ട്ടില്‍ അഭയം തേടിയവര്‍ പറഞ്ഞു. ഇന്നലെയാണ് റിസോര്‍ട്ടിലെത്തിയവരെ കേന്ദ്രസേന രക്ഷപ്പെടുത്തിയത്. കരസേന നിര്‍മിച്ച താത്കാലിക പാലം വഴിയാണ് ഇവരെ പുറത്തെത്തിച്ചത്.
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 282 ആയി. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. കേന്ദ്രസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമഗ്രികള്‍ മുണ്ടക്കൈയില്‍ എത്തിക്കാന്‍ വേണ്ടിയുള്ള ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജെ.സി.ബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മിക്കുന്നത്.
പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ബെയ്ലി പാലത്തിന് സമാന്തരമായി നടപ്പാല നിര്‍മാണവും നടക്കുന്നുണ്ട്.
നേരത്തെ സൈന്യം തയ്യാറാക്കിയ താത്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങിയിരുന്നു. അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുള്ള ചെറിയ പാലം കൂടി നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തിയായേക്കുമെന്നാണ് വിവരം.
Content Highlight: People got shelter in a resort after landslide in Mundakkai