| Sunday, 23rd February 2020, 9:58 am

ഷഹീന്‍ബാഗ് മോഡല്‍ പ്രതിഷേധത്തിന് ജഫ്രാബാദിലും തുടക്കം; അര്‍ധരാത്രി മെട്രോ സ്റ്റേഷന്‍ ഉപരോധിച്ച് സ്ത്രീകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ബാഗ് മോഡല്‍ പ്രതിഷേധത്തിന് ദല്‍ഹിയിലെ ജഫ്രാബാദില്‍ തുടക്കം. പൊലീസ് സുരക്ഷ ശക്തമാക്കി. 500 ലധികം സ്ത്രീകളാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്. ജഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്തുള്ള റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്.

ജഫ്രാബാദ് സ്റ്റേഷനിലേക്കുള്ള പ്രവേശനം അടച്ചതായി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഈ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയില്ല.

ദേശീയ പതാകയേന്തി ആസാദി മുഴക്കിയാണ് പ്രതിഷേധക്കാര്‍ സംഘടിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കൈകളില്‍ നീല ബാന്റ് കെട്ടി അവര്‍ ജയ് ഭീം മുദ്രാവാക്യവും വിളിക്കുന്നുണ്ട്.

പ്രതിഷേധക്കാര്‍ രാത്രിയും സ്ഥലത്ത് തുടരുകയായിരുന്നു. പൊലീസുകാര്‍ അനുനയത്തിന് ശ്രമിച്ചിരുന്നെങ്കിലും സ്ത്രീകളടങ്ങുന്ന പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.

പ്രതിഷേധം ആരംഭിച്ചതോടെ റോഡ് ഗതാഗതവും സ്തംഭിച്ചു. പൊലീസുകാര്‍ സുഗമമാക്കുന്നതിനായി പ്രതിഷേധക്കാരോട് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു.

ഷാഹീന്‍ബാഗിലും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ഇന്നലെ 70 ദിവസമായി അടച്ചിട്ട ഷാബീന്‍ബാഗിലെ റോഡുകള്‍ പ്രതിഷേധക്കാര്‍ തന്നെ തുറന്നിരുന്നു.
ജാമിയയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കും ഉള്ള റോഡാണ് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ തുറന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more