| Saturday, 28th March 2020, 10:01 am

കൊല്ലത്തെ രോഗ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 30 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍; രോഗി സന്ദര്‍ശിച്ച ആശുപത്രിയും ലാബും പൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: രോഗബാധ സ്ഥിരീകരിച്ച പ്രാക്കുളത്തെ വ്യക്തിയുമായി ഇടപഴകിയവരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

രോഗി എത്തിയ മൂന്ന് ആശുപത്രികളും ഒരു ലാബും പൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആശുപത്രിയിലേയും ലാബിലേയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുമായി അടുത്ത് ഇടപഴകിയ 10 പേരെ ഐസൊലേഷനിലേക്ക് മാറ്റി.

കൊല്ലം ജില്ലയിലെ രോഗബാധിതനോടൊപ്പം വിമാനത്തില്‍ വന്നവരുടെ പട്ടിക പുറത്തിറക്കി. ഇവരെയും കുടുംബങ്ങളെയും നിരീക്ഷണത്തില്‍ ആക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം വിമാനത്തിലുണ്ടായിരുന്നവരില്‍ 25 പേര്‍ കൊല്ലം ജില്ലക്കാരാണ്.

കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 39 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ 164 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും, തൃശ്ശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്റെ സഞ്ചാര പാത സങ്കീര്‍ണമാണെന്നും കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more