വാഷിങ്ടണ്‍: മതഭീകരവാദം ഇസ്‌ലാമിന്റെ മേല്‍ മാത്രം കെട്ടിവെക്കേണ്ടതല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. മതദ്രോഹത്തിന്റെ പേരില്‍ നടന്ന വിചാരണയുടെ സമയത്തും കുരിശ് യുദ്ധകാലത്തും ക്രിസ്ത്യാനികള്‍ യേശു ക്രിസ്തുവിന്റെ പേരില്‍ അതിക്രമം നടത്തിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസത്തിന്റെ പേരില്‍ അമേരിക്കയില്‍ പോലും അടിമവ്യാപാരം ന്യായീകരിക്കപ്പെട്ടിട്ടുണ്ട്. വാഷിങ്ടണില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് ചടങ്ങിലാണ് ക്രിസ്ത്യന്‍ സമൂഹത്തിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഒബാമ വിമര്‍ശനം ഉന്നയിച്ചത്.
പെഷവാറില്‍ സ്‌കൂളിന് നേരെയുണ്ടായ തീവ്രവാദിയാക്രമണം മുതല്‍ പാരീസിലെ വെടിവെയ്പ് വരെ പരാമര്‍ശിച്ച ഒബാമ മതതീവ്രവാദം ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം കുത്തകയല്ലെന്നും ഇക്കാര്യത്തില്‍ ക്രിസ്ത്യനികളുടെ ഭാഗത്ത് നിന്നും തെറ്റ് പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മതത്തെ ഭരണകൂടത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു.
എന്നാല്‍ ഒബാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കന്‍മാരടക്കം നിരവധി പേരാണ് രംഗത്ത് എത്തിയത്. പ്രസിഡന്റിന്റെ പരാമര്‍ശം അങ്ങേയറ്റം അതിക്രമം നിറഞ്ഞതാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ വിര്‍ജീനിയ ഗവര്‍ണറുമായിരുന്ന ജിം ഗില്‍മോര്‍ കുറ്റപ്പെടുത്തി.
തന്റെ പ്രസംഗത്തിനിടെ ഒബാമ ഇന്ത്യയില്‍ നടക്കുന്ന മത വിദ്വേഷത്തിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന മത വിദ്വേഷം മഹാത്മാ ഗാന്ധിയെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ളതാണെന്നും ഇന്ത്യയില്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നവരെ മറ്റുമതക്കാര്‍ ലക്ഷ്യംവെക്കുന്നത് വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പേരിലാണെന്നും ഒബാമ കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ ഇന്ത്യാ സന്ദര്‍ശന വേളയിലും രാജ്യത്ത് നിലനില്‍ക്കുന്ന മത അസഹിഷ്ണുതയെ കുറിച്ച് ഒബാമ പരാമര്‍ശം നടത്തിയിരുന്നു.