| Thursday, 15th November 2018, 11:50 am

മോദിയുടെ റാലിക്ക് ആളെത്തുന്നത് 'തമാശ' കേട്ട് ചിരിക്കാന്‍; മിസോറാമില്‍ ബി.ജെ.പിക്ക് ഒരു സീറ്റുപോലും ലഭിക്കില്ല; തോറ്റുതുന്നം പാടുമെന്നും മുന്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മിസോറാം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റ് തുന്നം പാടുമെന്ന് മിസോറാം നാഷണല്‍ ഫ്രണ്ട് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ സൊറാംതംഗ.

മിസോറാം നാഷണല്‍ ഫ്രണ്ടും ബി.ജെ.പിയും തമ്മില്‍ സംസ്ഥാനത്ത് രഹസ്യ ധാരണയുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസാണ് ഇവിടെ ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിസോറാമില്‍ ഒരൊറ്റ സീറ്റുപോലും ബി.ജെ.പിക്ക് ലഭിക്കില്ല. ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ള സംസ്ഥാനമാണ് മിസോറാം. ബി.ജെ.പിക്ക് അവിടെ റോള്‍ ഇല്ല.


Dont Miss ആരാണ് തൃപ്തി ദേശായി? ഏത് പ്രസ്ഥാനത്തിന്റെ ആളാണ് അവര്‍ : രൂക്ഷ പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള


പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി കാമ്പയിന്‍ നടത്തിയാല്‍ പോലും ഇവിടെ അവര്‍ക്ക് ഒരു സീറ്റ് പോലും നേടാന്‍ ആവില്ല. ഒരുപക്ഷേ കുറച്ചുതമാശകളൊക്കെ കേട്ട് രസിക്കാന്‍ വേണ്ടി റാലിയില്‍ ആളുകള്‍ കൂടും. എന്നാല്‍ അതൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നില്ല.- അദ്ദേഹം പറഞ്ഞു.

എന്നാല്‍ താങ്കളുടെ ഓഫീസില്‍ പ്രധാനമന്ത്രിയുമൊന്നിച്ച് നില്‍ക്കുന്ന ചിത്രം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മോദി തന്റെ സുഹൃത്തൊക്കെ തന്നെയാണെന്നും എന്നാല്‍ മിസോറാമില്‍ ബി.ജെ.പിക്ക് രക്ഷയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ആള്‍മാറാട്ടക്കാരന്റെ വേഷം മാത്രമാണ് ബി.ജെ.പിക്ക് അവിടെയുള്ളത്. മിസോറാമിലെ ജനത ഒരിക്കലും ബി.ജെ.പിക്കായി വാതില്‍ തുറക്കില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരാണ് മിസോറാം ജനത. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവുമായി എം.എന്‍.എസ് യോജിക്കുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് ആര് ഇവിടെ വന്നാലും അവരെ ജനം വാഴിക്കില്ല-സൊറാംതംഗ പറഞ്ഞു.

നവംബര്‍ 28 നാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് മിസോറാം. അധികാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് കോണ്‍ഗ്രസ് ഇവിടെ.

We use cookies to give you the best possible experience. Learn more