കോഴിക്കോട്: നടന്‍ ആസിഫ് അലിയോട് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഫേസ്ബുക്കില്‍ ആരാധകരുടെ ആവശ്യം. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എം.എല്‍.എ എക്സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയാണ് ആസിഫ്.
‘പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്നു വിളിച്ച ആളാണ് പി.സി. ദയവ് ചെയ്ത് അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്ന് മറ്റൊരാള്‍ എഴുതി.
ഇത്തരത്തില്‍ നിരവധി പേരാണ് ആസിഫിന്റെ ഫേസ്ബുക്ക് പേജില്‍ എല്ലാ ചിത്രങ്ങള്‍ക്കും താഴെ കമന്റിടുന്നത്. അതിനിടെ പൂഞ്ഞാറിലെ പരിപാടി മണ്ഡലത്തിലെ ഒരുകൂട്ടമാളുകള്‍ ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ അധ്യക്ഷന്‍ ജോര്‍ജും വിശിഷ്ടാതിഥി ആസിഫുമാണ്.
മുസ്‌ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്നു പറയുന്ന പി.സി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച എംഎല്‍എയെ ബഹിഷ്‌കരിക്കണമെന്ന് എസ്.ഡി.പി.ഐയും ആഹ്വാനം ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ ജോര്‍ജ് മാപ്പു പറഞ്ഞിരുന്നു. മുസ്ലിങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നുവെന്നും പി.സി ജോര്‍ജ് ഖേദ പ്രകടനത്തില്‍ പറയുന്നു.
ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോര്‍ജ് മുസ്ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജിന്റെ ശബ്ദവുമാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.
‘പൂഞ്ഞാര്‍ എം.എല്‍.എ കേശവന്‍ നായര്‍ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇയാളും പി.സി ജോര്‍ജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബി.ജെ.പിക്ക് ഒപ്പം പി.സി ജോര്‍ജ് പോയതിനെ കുറിച്ചും ഇയാള്‍ ചോദിച്ചിരുന്നു.
തുടര്‍ന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്തവരല്ലെ മുസ്ലിം സഹോദരങ്ങള്‍ എന്നും ഇയാള്‍ ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.
‘മുസ്ലിം സഹോദരങ്ങള്‍ ഒലത്തി ഒലത്തി എന്ന് ഞാന്‍ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരില്‍ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാന്‍ പോകുകയാണ് എന്നും പി.സി പറയുന്നു.
അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ എന്താണ് സംഭവിച്ചതെന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്ക് ജയിക്കാന്‍ ബി.ജെ.പി വോട്ടുകള്‍ മാത്രം മതിയെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.