ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ നിരാകരിക്കുന്ന ഭരണസംവിധാനത്തിന്റെ കീഴിലാണ് നിലവില്‍ ജനങ്ങള്‍ ജീവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. ജനുവരി 30 മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയുടെ ത്യാഗങ്ങളെ നിരാകരിക്കുകയും 2024 ജനുവരി 22നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും അവകാശപ്പെടുന്ന ഭരണസംവിധാനത്തിന്റെ കീഴിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയെയും ഗോഡ്‌സെയെയും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ചിന്തിക്കണമെന്ന് പറയുന്ന ഭരണകക്ഷി എം.പിമാര്‍ രാജ്യത്തുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അംബേദ്ക്കറിനെ പരിഹസിച്ചത് പോലെ ഗാന്ധിജിയെയും അധികാര സ്ഥാനങ്ങളിലുള്ള നിരവധി പേര്‍ പരിഹസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് പറഞ്ഞ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റേതടക്കമുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയെന്നോളമാണ് ജയറാം രമേശിന്റെ പരാമര്‍ശമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം മാത്രമേ നടക്കുന്നുള്ളൂവെന്നും അതേസമയം രാജ്യത്തുടനീളം ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്‍പ്പ് രാഷ്ട്രപിതാവിന്റെ പൈതൃകം സംരക്ഷിക്കുന്നതില്‍ ആശ്രയിച്ചിരിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
എല്ലാവര്‍ക്കും സമത്വവും ഉന്നമനവും എന്ന ഗാന്ധിജിയുടെ ആശയങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കണമെന്നും എല്ലാവര്‍ക്കും നീതിയും സമത്വവും ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ഗാന്ധിജി വെറുമൊരു വ്യക്തിയായിരുന്നില്ലെന്നും അദ്ദേഹം ഇന്ത്യയുടെ ആത്മാവാണെന്നും എല്ലാ ഇന്ത്യക്കാരനിലും അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: People are under the rule of those who reject Mahatma Gandhi’s sacrifices: Jairam Ramesh