| Tuesday, 29th April 2014, 10:01 am

വയനാട്ടില്‍ ഹാരിസണ്‍സിന്റെ ഭൂമിയില്‍ നിന്ന് ഭൂസമരക്കാരെ ഒഴിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] മാനന്തവാടി: വയനാട്ടില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമിയില്‍ താമസിച്ച് സമരം ചെയ്യുന്ന ഭൂസമരക്കാരെ ഒഴിപ്പിക്കുന്നു. വൈത്തിരി താലൂക്കിലെ നെടുമ്പാല, അരിപ്പറ്റ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വന്‍ പോലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍.

പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കം തന്നെ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചെങ്കിലും നാളെ വീണ്ടും ഒഴിപ്പിക്കല്‍ തുടരുമെന്നാണ് വിവരം. ഒന്നര വര്‍ഷം മുന്‍പ് ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടിയ ആദിവാസി ക്ഷേമസമിതിക്കാരെയും കുടുംബങ്ങളെയുമാണ് ഒഴിപ്പിക്കുന്നത്. 114 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടില്‍ കെട്ടിയവരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.  ഹാരിസണില്‍ മുന്‍പ് ജോലി ചെയ്തിരുന്നവരെയും ഒഴിപ്പിച്ചെന്നായിരുന്നു വിവരം.

ഹാരിസണ്‍ ഭൂമിയില്‍ കുടിയേറിയവരെ ഏപ്രില്‍ 31നകം ഒഴിപ്പിക്കണണമെന്ന് ഹാരിസണ്‍ പ്ലാന്റേഷന്റെ ഹരജിയെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  ഭൂമിക്ക് ആദിവാസികള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യാനും മറ്റുള്ളവരുടെ ഭൂമിയില്‍ അതിക്രമിച്ചു കയറാനുമുള്ള യാതൊരു അവകാശവും ആദിവാസികള്‍ക്കില്ലെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം സുപ്രീം കോടതി വിധി അനുസരിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more