| Monday, 20th August 2018, 8:47 pm

വസ്ത്രവും ഭക്ഷണവുമില്ല, ക്യാംപില്‍ നിന്നും ഇറങ്ങി പോവാന്‍ സ്കൂൾ അധികൃതർ പറയുന്നു; വൈപ്പിന്‍ ദുരിതാശ്വാസ ക്യാംപിലെ അവസ്ഥ

ഷാരോണ്‍ പ്രദീപ്‌

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളസംസ്ഥാനം നേരിട്ടത്. യുവജനങ്ങളുടേയും, ഭരണകൂടത്തിന്റേയും, സന്നദ്ധ പ്രവര്‍ത്തകരുടേയും സമയോചിതമായ ഇടപെടലുകളാണ് കേരളത്തെ വലിയ ഒരു ദുരന്തത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടുത്തിയത്.

എന്നാല്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്ലെ ദുരിതാശ്വാസ ക്യാംപുകളില്ലെങ്കിലും അന്തേവാസികള്‍ക്ക് രാഷ്ട്രീയമുതലെടുപ്പിനും, സ്വജനപക്ഷപാതത്തിനും പാത്രമാവേണ്ടി വരുന്നുണ്ട്. അത്തരമൊരു അനുഭവമാണ് വൈപ്പിന്‍ പള്ളിപ്പുറം ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികൾക്ക് പറയാനുള്ളത്. ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധികൃതര്‍ തങ്ങളെ ഇറക്കി വിടാന്‍ ശ്രമിക്കുന്നതായാണ് ക്യാംപിലുള്ളവര്‍ പരാതി പറയുന്നത്. സെയിന്റ് മേരിസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് ദിവസമായി ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നും, ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ക്യാംപിലുള്ളവര്‍ പറയുന്നു. ഇതെല്ലാം സഹിക്കാമെങ്കിലും, ക്യാംപില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമം തങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് ഇവര്‍ പറയുന്നുണ്ട്.


ALSO READ: മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളിയുടെ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി ഇന്ത്യാ ടി.വി; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ


പ്രളയം ഏറെ ബാധിച്ച പ്രദേശമായത് കൊണ്ട് തന്നെ ഇവരില്‍ ഏറെ പേരുടെ വീടും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന അവസ്ഥയിലാണ്. തിരിച്ച് പോകാന്‍ നിര്‍വ്വാഹം ഇല്ലാത്തവരാണ് ഏറെയും. ഇവരോടാണ് വാര്‍ഡ് മെംബര്‍മാര്‍ ക്യാംപ് ഒഴിഞ്ഞ് കൊടുക്കാനും, സ്‌കൂള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പറയുന്നത്.

ക്യാംപ് നിവാസിയായ അനില ബാബു സംഭവത്തെ പറ്റി പറയുന്നത് ഇങ്ങനെ “കുട്ടികളും, ഗര്‍ഭിണികളും ബുദ്ധിമാന്ദ്യമുള്ളവരും ഉള്‍പ്പെടെ ക്യാംപിലുണ്ട്. ഞങ്ങള്‍ വെറുതെ വന്ന് ഇവിടെ താമസിക്കുകയല്ല, ഞങ്ങളുടെ ഒക്കെ വീട് പോയി പരിശോധിച്ചാല്‍ അവസ്ഥയറിയാം, ആര്‍ക്കും വീട്ടിലേക്ക് തിരികെ പോകാന്‍ പറ്റുന്ന അവസ്ഥയല്ല. പള്ളീലച്ചന്‍ പറഞ്ഞു എന്നാണ് വാര്‍ഡ് മെംബര്‍ പറയുന്നത്, എന്നാല്‍ പള്ളിയില്‍ പോയി നോക്കിയിട്ട് അച്ഛനെ കണ്ടില്ല. ഞങ്ങള്‍ക്ക് രണ്ട് ദിവസം കൂടെ ഇവിടെ കഴിഞ്ഞേ മതിയാവൂ.””


ALSO READ: വീട്ടില്‍ കയറും മുമ്പ് അറിഞ്ഞിരിക്കേണ്ടത്: പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സകള്‍


സ്‌കൂള്‍ പ്രവര്‍ത്തിക്കണം എന്ന കാരണമാണ് ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ ഓണാവധി നേരത്തെയാക്കി ആഗസ്റ്റ് 29വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ സ്‌കൂള്‍ അധികൃതര്‍ പറയുന്ന ഈ കാരണം സത്യമല്ല എന്നത് വ്യക്തം. ക്യാംപ് നിവാസികളുടെ പരാതി നേരിട്ട് കേള്‍ക്കാന്‍ പോലും സ്‌കൂള്‍ അധികൃതരായ പള്ളിയും പള്ളിവികാരിയും തയ്യാറാവാത്തതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്.

സംസ്ഥാനത്താകെ ഉള്ള ജനങ്ങള്‍ ക്യാംപുകള്‍ ഒരുക്കുന്നതിലും, ക്യാംപുകളിലേക്ക് വേണ്ട ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതിലും മുഴുകിയിരിക്കുമ്പോഴാണ് സ്‌കൂളിന്റേയും സ്‌കൂള്‍ അധികൃതരായ പള്ളിയുടേയും ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു സ്വജനപക്ഷപാതപരമായ നീക്കമുണ്ടായിരിക്കുന്നത്.

കേരളം ഒന്നാകെ പ്രളയദുരിതത്തില്‍ നിന്ന് പതുക്കെ കരകയറുകയാണ്. ലക്ഷക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ ഇപ്പോള്‍ പുനരധിവാസം കാത്ത് കഴിയുന്നത്. കേരളത്തിലെ ജനങ്ങളും, സര്‍ക്കാരും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഇത്രയും പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ പരിശ്രമിക്കുന്നത്.

എന്നാല്‍ ഇതുപോലെ ഒറ്റപ്പെട്ട പല സംഭവങ്ങളും വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളോടുള്ള മോശം പെരുമാറ്റവും, ആവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യതയുമാണ് ഏറെയും. ഇത്തരം നീക്കങ്ങളെ ശരിയാംവിധം ചെറുക്കാന്‍ സാധിക്കാത്ത പക്ഷം പ്രളയം എന്ന മഹാദുരന്തത്തില്‍ നിന്ന് കരകയറിയ ഒരു ജനതയോട് കാണിക്കേണ്ടത് അടിസ്ഥാനപരമായ നീതി പോലും ലഭ്യമാക്കാന്‍ സാധിക്കാത്തവരായി നമ്മെ ലോകം മുദ്രകുത്തും.

ഷാരോണ്‍ പ്രദീപ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more