ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് മണിപ്പൂർ സന്ദർശിക്കാത്തത് എന്ന് മണിപ്പൂരിലെ ജനങ്ങൾ തങ്ങളോട്
ചോദിക്കുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ്.
രാഹുൽ ഗാന്ധിക്കൊപ്പം മണിപ്പൂരിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ ജയറാം രമേശും പങ്കെടുക്കുന്നുണ്ട്.
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത് എന്നാണ് ജനങ്ങൾ ഞങ്ങളോട് ചോദിക്കുന്നത്. എല്ലാവരും രാഹുൽ ഗാന്ധിയോട് പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുവാനും പ്രധാനമന്ത്രിയോട് മണിപ്പൂരിൽ വന്ന് ജനങ്ങളെ കാണാനും ആവശ്യപ്പെടുന്നു.
എത്രയധികം ജനങ്ങളാണ് ഇവിടെ തടിച്ചുകൂടിയതെന്ന് നിങ്ങൾക്ക് കാണാനാകും. സ്കൂളിലും കോളേജിലും പോകാൻ സാധിക്കാത്ത, ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകളുടെ വേദനകൾ രാഹുൽ ഗാന്ധി കേട്ടു,’ ജയറാം രമേശ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ശക്തമായ സർക്കാരിനെയാണ് മണിപ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നും എട്ട് മാസമായി സംസ്ഥാനത്ത് ശരിയായ ഭരണ സംവിധാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
‘എട്ട് മാസമായി ഇവിടെ ഭരണസംവിധാനമില്ല. രണ്ട് മന്ത്രിമാർ ഓൺലൈൻ ആയിട്ടാണ് പ്രവർത്തിക്കുന്നത്. അവർ മണിപ്പൂരിൽ പോലുമില്ല. എല്ലാവർക്കും ഒരു സർക്കാരിനെ വേണം. ശക്തമായ സർക്കാർ.
നിങ്ങളുടെ പാർട്ടിയാണ് ഇവിടെയും കേന്ദ്രത്തിലും ഭരിക്കുന്നത്. നിങ്ങളുടേത് ഒരു ഡബിൾ എഞ്ചിൻ സർക്കാരാണെന്ന് നിങ്ങൾ തന്നെ പറയുന്നു പിന്നെ എന്തുകൊണ്ടാണ് ജനം വേദനയനുഭവിക്കുന്നത്?’ ജയറാം രമേശ് ചോദിച്ചു.
സെക്മായിയിൽ നിന്ന് തുടങ്ങി യാത്ര ഇന്ന് രാത്രിയിൽ നാഗാലാൻഡിൽ എത്തും. പിന്നീട് കാങ്പോക്പിയിലും ശേഷം മണിപ്പൂരിലെ സേനാപതിയിലുമെത്തിച്ചേരും.
ഡിസംബർ 14ന് മണിപ്പൂരിലെ തൗബാലിൽ നിന്ന് ആരംഭിച്ച യാത്ര, 67 ദിവസങ്ങളിലായി 110 ജില്ലകളളിൽ 6,700 കി.മീ ദൂരം സഞ്ചരിക്കും.
Content Highlight: People are asking us why PM Modi has not visited Manipur: Congress’ Jairam Ramesh