[] കോഴിക്കോട്: വടകര കൈനാട്ടി റെയില്‍ വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ഇതോടെ ടോള്‍ പിരിവുമായി സര്‍ക്കാരും സമരവുമായി യുവജനസംഘടനകളും മുന്നോട്ട് പോകാനാണ് സാധ്യത.
വടകര കൈനാട്ടിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുവാനുള്ള നീക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാലത്തില്‍ ടോള്‍ പിരിക്കുന്നതിന്റെ ഭാഗമായി കൈനാട്ടി പ്രദേശത്ത് ടോള്‍ബൂത്ത് നിര്‍മിക്കാനുള്ള ശ്രമം നേരത്തെ യുവജനസംഘടനകള്‍ തടഞ്ഞിരുന്നു.
“10 കോടിയ്ക്ക് താഴെ നിര്‍മാണ ചിലവുള്ള മേല്‍പ്പാലങ്ങള്‍ക്ക് ടോള്‍ പിരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. കൈനാട്ടി മേല്‍പ്പാലത്തിന് 8.36രൂപയായിരുന്നു ആദ്യത്തെ എസ്റ്റിമേറ്റ്. 2012 മാര്‍ച്ച് 31ന് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 2014ലാണ് പാലം പണി പൂര്‍ത്തിയായത്. അശാസ്ത്രീയമായ നിര്‍മാണ രീതിയാണ് പിന്തുടര്‍ന്നതും.” ടോള്‍ പിരിവിനെതിരായ സമരരംഗത്തുള്ള റവല്യൂഷണറി യൂത്തിന്റെ ബ്ലോക്ക് സെക്രട്ടറി ഷിബി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“ഇത് പാലത്തിന്റെ നിര്‍മാണ ചിലവ് കൂടുന്നതിന് കാരണമായി. നിര്‍മാണത്തിലെ അപാകത കാരണം പാലത്തിന്റെ രണ്ട് തൂണുകള്‍ മാറ്റിപ്പണിയേണ്ടി വന്നു. ഈ കാരണങ്ങള്‍കൊണ്ട് ചിലവ് 10കോടിയിലധികമായി. ചിലവ് വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും കരാറുകാരനുമാണ്. അതിനാല്‍ ഇത് ജനങ്ങളില്‍ നിന്നും വാങ്ങുന്നതിനെ അംഗീകരിക്കാനാവില്ല” ഷിബി വിശദീകരിക്കുന്നു.
പ്രദേശവാസികളെ മുഴുവന്‍ ഉള്‍പ്പെടുത്തി ടോള്‍ പിരിവിനെതിരായ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യുവജനസംഘടനകള്‍.