'രജിത് ആര്‍മി' ചെയ്ത തെറ്റ് വിമര്‍ശനവുമായി പ്രമുഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനം മുഴുവന്‍ കൊറോണ വൈറസിന് എതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ചാനല്‍ റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ വിവിധ മേഖലകളില്‍ നിന്നായി നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ അതീവ നിയന്ത്രണ മേഖലയില്‍ കൊറോണ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കുമ്പോള്‍ അതെല്ലാം ലംഘിച്ച് സമ്മേളിച്ച ആളുകള്‍ക്കെതിരെ ജില്ലാ കളക്ടര്‍ എസ്.സുഹാസ് കേസെടുത്തിരിക്കുകയാണ്.

അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയും ഡോ. ധന്യാ മാധവും സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്.

പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ്.
മനുഷ്യ ജീവനെക്കാളും വില താരാരാധനയ്ക്ക് കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും’. കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതിങ്ങനെയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എയര്‍പോര്‍ട്ടില്‍ നടന്ന കാര്യങ്ങള്‍ മുഴുവന്‍ മലയാളികളെയും നാണം കെടുത്തുന്ന സംഭവമാണെന്നും തികച്ചും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ നിരവധി പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ രജിത് കുമാര്‍ എന്ന വ്യക്തിയെ സ്വീകരിക്കാന്‍് ഇത്രയും ആളുകള്‍ എത്തി എന്നത് മറ്റൊരു വിരോധാഭാസമെന്നും പറഞ്ഞത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ആണ്.

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ മരണപ്പെട്ട സ്വന്തം പിതാവിന്റെ മൃതദേഹം ഒരുനോക്കൂകാണാന്‍ പോലും കഴിയാത്ത അവസ്ഥ നേരിടേണ്ടി വന്ന ലിനോ ആബേലിനെപ്പോലുള്ളവരുടെ ത്യാഗത്തെ അപഹസിക്കുന്ന നടപടിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

അച്ഛന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആംബുലന്‍സില്‍ കൊണ്ടുപോകുന്നത് ഐസൊലേഷന്‍ വാര്‍ഡിന്റെ ജനാലയിലൂടെയാണ് ലിനോ കണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

നിയന്ത്രണങ്ങള്‍ ലംഘിച്ച് രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയ ആളുകള്‍ക്കെതിരെ രംഗത്തെത്തിയ മറ്റൊരു വ്യക്തി നടന്‍ അജു വര്‍ഗീസ് ആണ്. ആളുകള്‍ കൂടിയപ്പോള്‍ മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നില്ലേ എന്നാണ് അജു വര്‍ഗീസ് ചോദിച്ചത്.

ബിഗ്‌ബോസ് എന്ന ഫ്രാങ്കന്‍സ്റ്റയിന്‍ വളര്‍ത്തിയെടുത്തു പിടിവിട്ടുപോയ ഭൂതമാണ് രജിത് എന്നും മലയാളികളുടെ വൃത്തികേടുകളും കൂടിയാണ് തുറന്നുവിടപ്പെട്ടത് എന്നുമാണ് പ്രമുഖ റേഡിയോ ജോക്കിയായ ആര്‍.ജെ സലിം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബിഗ് ബോസ് ശരിക്കും മലയാളിയുടെ സാമൂഹിക സാംസ്‌കാരിക നിലവാരത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതിന്റെ ആഫ്റ്റര്‍ എഫെക്ട്സ് അറിയാന്‍ കിടക്കുന്നതേയുള്ളൂ. ബിഗ് ബോസ്സ് ആദ്യമായും അവസാനമായും മനുഷ്യന്റെ വൈകാരിക ബലഹീനതകളെ ചൂഷണം ചെയ്യാന്‍ നിര്‍മ്മിച്ച ഏറ്റവും അശ്ലീലമായ പരിപാടിയാണ്.

ഒളിഞ്ഞു നോട്ടത്തിന്റെ സുഖത്തിനു വേണ്ടി മാത്രമല്ല മനുഷ്യര്‍ അത് കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. വണ്ടുകളെപ്പിടിച്ചു കണ്ണാടിക്കുപ്പിയിലിട്ടടച്ചു തട്ടി നോക്കുന്ന സേഡിസ്റ്റിക് ഏര്‍പ്പാടുമായി ഒരു വിദൂര സാമ്യമുണ്ട് ഇതിന് എന്നും ആര്‍.ജെ സലിം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രജിത് കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം നല്‍കാനുള്ള ഫാന്‍സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായതിന് തൊട്ടുപിന്നാലെ തനിക്ക് കൊവിഡ് പേടിയില്ലെന്നും മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊവിഡ് ബാധിക്കുന്നതെന്നും രജിത് കുമാര്‍ പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് മുമ്പും സ്ത്രീവിരുദ്ധവും അശാസ്ത്രീയവും ട്രാന്‍സ്‌ഫോബിക്കുമായ നിരവധി പ്രസ്താവനകള്‍ നടത്തിക്കൊണ്ട് രജിത് കുമാര്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.

2013 ല്‍ തിരുവനന്തപുരം വിമണ്‍സ് കോളേജിലെ പൊതുപരിപാടിക്കിടെ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിച്ചാണ് രജിത് കുമാര്‍ ആദ്യം വിവാദത്തിലാവുന്നത്.

‘ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞു പോകും. എന്നായിരുന്നു രജിത് കുമാറിന്റെ പരാമര്‍ശം.

പിന്നീട് 2018ല്‍ ഒരു ചാനല്‍ ചര്‍ച്ചയിലും കാസര്‍ഗോഡ് വെച്ച് നടന്ന പരിപാടിയിലും രജിത് കുമാര്‍ പറഞ്ഞത് അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്ജെന്‍ഡറാകുമെന്നും ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ് എന്നുമായിരുന്നു.

സിസേറിയന്‍ ബ്രെസ്റ്റ് കാന്‍സറിന് കാരണാകുമെന്നും കേരളത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന പത്ത് പേരില്‍ ഏഴ് പേരും സിസേറിയന്‍ ചെയ്തവരാകുമെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു.

ഇതോടെ 2018 ഏപ്രില്‍ മാസം രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടിരുന്നു.

2019 ല്‍ 24 ചാനലിലെ ജനകീയ കോടതി എന്ന ടോക്ക് ഷോയില്‍ രജിത് കുമാര്‍ പറഞ്ഞത് കാലില്‍ വേദനയുണ്ടാകുമ്പോള്‍ വേദനസംഹാരി കഴിച്ചാല്‍ മരുന്നിന്റെ രാസവസ്തുക്കള്‍ രക്തത്തിലൂടെ കാലിന്റെ പാദത്തില്‍ വന്നി്ട്ടാണ് വേദന മാറുന്നത് എന്നാണ് . രജിത് കുമാറിന്റെ പരാമര്‍ശം തീര്‍്ത്തും അശാസ്ത്രീയമാണെന്ന് പറഞ്ഞ് നിരവധി പേര്‍ അന്ന് രംഗത്തു വന്നിരുന്നു.

ചാനല്‍ റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാലാണ് രജിത് കുമാര്‍ ഷോയില്‍ നിന്നും പുറത്താവുന്നത്. രജിത് കുമാറിനെ പുറത്താക്കിയതിനെതിരെ രജിത്ത് ഫാന്‍സ് രജിത്ത് ആര്‍മി എന്നിവരുടെ പേരില്‍ സഹമത്സരാര്‍ത്ഥി രേഷ്്മക്കെതിരെയും ഷോയിലെ അവതാരകന്‍ മോഹന്‍ലാലിനെതിരെയും വലിയ സൈബര്‍ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.