| Sunday, 16th April 2023, 2:50 pm

പൊലീസ് ആദ്യം സ്ഥലത്തെത്തി വഴിയൊക്കെ ക്ലിയറാക്കി; പൊലീസ് വണ്ടിയില്‍ എത്തിയവരാണ് വെടിവെച്ചത്; യു.പി വെടിവെപ്പില്‍ ദൃക്‌സാക്ഷികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മുന്‍ എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശ വാസികള്‍ രംഗത്ത്. പൊലീസ് ആസൂത്രണം ചെയ്ത കൊലപാതകമാണ് നടന്നതെന്നും അക്രമികളെ പൊലീസാണ് സംഭവസ്ഥലത്തെത്തിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

വെടിവെപ്പുണ്ടാകുന്നതിന് മുമ്പ് തന്നെ പൊലീസ് സ്ഥലത്തെത്തി ആളുകളെയും വാഹനങ്ങളെയും വഴിയില്‍ നിന്ന് മാറ്റിയിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. കൃത്യം നടത്തിയതിന് ശേഷം പ്രതികളെ പൊലീസ് വേഗം തന്നെ സംഭവ സ്ഥലത്ത് നിന്ന് മാറ്റിയെന്നും അവര്‍ പറഞ്ഞു. പ്രദേശ വാസികളെ ഉദ്ധരിച്ച് യു.പി തക് എന്ന പ്രാദേശിക ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘പൊലീസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. അവര്‍ വന്ന് ഇവിടെയുള്ള ജനങ്ങളെയെല്ലാം സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. വണ്ടിയൊക്കെ എടുത്ത് മാറ്റാന്‍ പറഞ്ഞ് റോഡും ക്ലിയര്‍ ചെയ്തു. പിന്നെ ഇരുവശത്ത് നിന്നും രണ്ട് വണ്ടികളെത്തി.

അതിലൊന്നില്‍ ആതിഖും അഷ്‌റഫുമായിരുന്നു. മറ്റേ വണ്ടിയിലുണ്ടായിരുന്ന നാല് ചെറുപ്പക്കാരെ അവര്‍ ഗെയ്റ്റിനുള്ളിലേക്ക് കൊണ്ട് പോയി. അവര്‍ എസ്.ടി.എഫിന്റെ ആളുകളാണെന്നാണ് എനിക്ക് തോന്നുന്നത്. പൊലീസിന്റെ വണ്ടിയില്‍ നിന്ന് ഇറങ്ങിയ അവരുടെ കഴുത്തില്‍ പത്ര പ്രവര്‍ത്തകരുടെ ഐ.ഡി. കാര്‍ഡാണ് ഉണ്ടായിരുന്നത്.

അവര്‍ നേരെ ചെന്ന് പൊലീസ് നോക്കി നില്‍ക്കെ ആതിഖിനെയും അഷ്‌റഫിനെയും വെടി വെച്ച് വീഴ്ത്തി. വെടിവെപ്പ് ഉണ്ടായതും പൊലീസ് സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയി. പൊലീസിനൊപ്പം വന്നിറങ്ങിയവര്‍ ജയ് ശ്രീ റാം വിളിച്ചാണ് വെടിവെച്ചത്. ഉടനെ തന്നെ വെടിവെച്ച നാല് പേരെയും പൊലീസ് വണ്ടിയില്‍ കയറ്റി വേഗം ഇവിടുന്ന് പോയി.

പൊലീസും എസ്.ടി.എഫും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇനി ഇവിടെയുള്ള പാവപ്പെട്ട ജനങ്ങളെയും പൊലീസ് പിടിച്ച് കൊണ്ട് പോകും. ഇത് നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ച ഏറ്റുമുട്ടല്‍ കൊലയാണ്,’ പ്രദേശ വാസികളിലൊരാള്‍ യു.പി തക് ചാനലിനോട് പറഞ്ഞു. നാട്ടുകാരുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ യു.പി പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണം നേരത്തെ ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോള്‍ അതിനെ സാധൂകരിക്കുന്ന മൊഴികളാണ് നാട്ടുകാരില്‍ നിന്നും ഉയരുന്നത്. നേരത്തെ വര്‍ധിച്ച് വരുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. ഉത്തര്‍ പ്രദേശ് ഇന്ന് എന്‍കൗണ്ടര്‍ പ്രദേശായി മാറിയെന്നായിരുന്നു സംഭവത്തില്‍ ബി.എസ്.പി നേതാവ് മായാവതിയുടെ പ്രതികരണം.

Content Highlight: people accused up police for ecounter

We use cookies to give you the best possible experience. Learn more