| Saturday, 4th January 2020, 9:04 am

ഇറാനിയന്‍ കമാന്‍ഡര്‍ വധം; ഏതുസമയവും ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ച് യു.എസ്, പശ്ചിമേഷ്യയിലേക്ക് 3500 സൈനികരെ കൂടി വിന്യസിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി നേരിടാന്‍ മുന്‍കരുതലെടുത്ത് അമേരിക്ക . ഇതിന്റെ ഭാഗമായി 3500 സൈനികരെ കൂടി അമേരിക്ക പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചു.

യു.എസിനെതിരെ ഇറാനില്‍ നിന്നോ അല്ലെങ്കില്‍ സഖ്യ ശക്തികളില്‍ നിന്നോ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്കാണ് പുതിയ സേനാവിന്യസം നടത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എസിന്റെ അടിയന്തര വ്യോമസേന ഡിവിഷനായ 82 എയര്‍ബോണ്‍ ഡിവിഷന്‍ ആണ് സൈനികരെ വിന്യസിക്കുന്നത്.

നേരത്തെ ബാഗ്ദാദിലെ യു.എസ് എംബസിയില്‍ ആക്രമണം നടന്നതിനു പിന്നാലെയും മേഖലയിലേക്ക് സേനയെ വിന്യസിച്ചിരുന്നു.

കൊല്ലപ്പെട്ട സുലൈമാനിക്ക് ലെബനന്‍, സിറിയ, എന്നിവിടങ്ങളിലെല്ലാം സ്വാധീനമുള്ളതിനാല്‍ എവിടെ നിന്നും യു.എസ് ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്.

എ.ബി.സി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറ്റലി ആസ്ഥാനമായുള്ള യു.എസിന്റെ സേനയായ 173 എയര്‍ബോണ്‍ ബ്രിഗേഡ് സേനയെ ലെബനനിലുള്ള യു.എസ് എംബസിയുടെ സുരക്ഷയ്ക്കായി വിന്യസിക്കാന്‍ നീക്കമുണ്ട്.
ഒപ്പം പശ്ചിമേഷ്യക്ക് പുറത്തുള്ള യു.എസ് എംബസികളിലും ഇറാന്‍ ആക്രമണം  നടത്തുമെന്ന് യു.എസ് ഭയപ്പെടുന്നുണ്ടെന്നും എ.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ രഹസ്യ സേനയായ ഖുദ്‌സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയുടെ വധത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സുലൈമാനിയുടെ വധത്തില്‍ കടുത്ത പ്രതികരണമുണ്ടാവുമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ  പറഞ്ഞത്.

We use cookies to give you the best possible experience. Learn more