വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം തുടരുമെന്ന് പെന്റഗണ്‍. ഉക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെന്റഗണ്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ പര്യടനത്തിന് പിന്നാലെയാണ് യു.എസിന്റ പ്രതികരണം.
ഇന്ത്യയും റഷ്യയും തമ്മിലുള്ളത് വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. യു.എസിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ തന്ത്രപ്രധാന രാഷ്ട്രങ്ങളില്‍ ഒന്നുമാത്രമാണ് ഇന്ത്യയെന്ന് പെന്റഗണ്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പെന്റഗണ്‍ ഇക്കാര്യം പറഞ്ഞത്.
‘റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അംഗീകരിച്ചുകൊണ്ട് തന്നെ, ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിഷയം നാറ്റോ ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ്,’ എന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.
യുദ്ധത്തെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്ക് വലിയ വിലയാണ് തങ്ങള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരുമെന്നും റൈഡര്‍ കൂട്ടിച്ചേര്‍ത്തു.
മോദിയുടെ റഷ്യ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനും യു.എസും ആശങ്ക പ്രകടിപ്പിച്ചതിന് പിന്നലെയാണ് പെന്റഗണിന്റെ പ്രതികരണം. മോദിയുടെ രണ്ട് ദിവസത്തെ റഷ്യന്‍ പര്യടനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ഉക്രൈന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയാണ് മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തലവന്‍ ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ ക്രിമിനലിനെ ആലിംഗനം ചെയ്യുന്നവെന്നായിരുന്നു സെലന്‍സ്‌കിയുടെ വിമര്‍ശനം. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള മുഴുവന്‍ ശ്രമങ്ങളെയും കളിയാക്കുന്ന നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായത്. മോദിയുടെ നീക്കത്തില്‍ ദുഃഖമുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.
ചൊവ്വാഴ്ച ഉക്രൈനില്‍ റഷ്യ നടത്തിയ ആക്രമണങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് മോദിക്കെതിരെ സെലന്‍സ്‌കി വിമര്‍ശനം ഉയര്‍ത്തിയത്. ഉക്രൈനിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയിലാണ് റഷ്യ ആക്രമണം നടത്തിയത്. ആശുപത്രിയെ ലക്ഷ്യം വെച്ച് നാല്‍പ്പതിലധികം മിസൈലുകളാണ് റഷ്യ വിക്ഷേപിച്ചതെന്ന് സെലന്‍സ്‌കി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
Content Highlight: Pentagon says America will continue stratagic relations with India