വാഷിങ്ടണ്‍: 2021 സാമ്പത്തിക വര്‍ഷത്തില്‍ യു.എസ് മിലിറ്ററിയിലെ ലൈംഗികാതിക്രമ കേസുകളില്‍ കുറഞ്ഞത് 13 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.
യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍ വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2021 സെപ്റ്റംബര്‍ 30 വരെയുള്ള സമയത്തില്‍ ‘സൈന്യത്തില്‍ അംഗങ്ങളായവര്‍ ഇരകളോ പ്രതികളോ ആയ’ 8,866 ലൈംഗികാതിക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് സെക്ഷ്വല്‍ അസോള്‍ട് പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് ഓഫീസ് (The Department of Defense’s Sexual Assault Prevention and Response Office- SAPR) അറിയിച്ചു.
മുന്‍ വര്‍ഷത്തില്‍ ഈ കേസുകളുടെ എണ്ണം 7,813 ആയിരുന്നു.
അതേസമയം, ലൈംഗികാതിക്രമങ്ങളുടെ ഒരു ശതമാനം മാത്രമേ അധികാരികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ
എന്നും എസ്.എ.പി.ആര്‍ വ്യക്തമാക്കി.
സൈനിക സര്‍വേകള്‍ ഉപയോഗിച്ച് ഏകദേശം 36,000 സജീവ ഡ്യൂട്ടി സേവനദാതാക്കളായ സ്ത്രീകളും പുരുഷന്മാരും (8.4 ശതമാനം സ്ത്രീകളും 1.5 ശതമാനം പുരുഷന്മാരും) ഈ കാലയളവില്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടതായി കണക്കാക്കുന്നു.
അതേസമയം, ലൈംഗികാതിക്രമങ്ങളില്‍ ‘യഥാര്‍ത്ഥത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ’ എന്ന് കൃത്യമായി മനസിലാക്കാന്‍ ഉപയോഗിക്കുന്ന മെട്രിക്കിലെ മാറ്റം കാരണം ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.
എന്നാല്‍ മറ്റ് ഡാറ്റകള്‍ ഈ വര്‍ധനവിനെ സൂചിപ്പിക്കുന്നുണ്ടെന്നും, 2018 മുതല്‍ യു.എസ് സൈന്യത്തില്‍ അനാരോഗ്യകരമായ സൈനിക കാലാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നത് ഈ വര്‍ധനവിനെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
”2006ല്‍ ഈ വിഷയം സൂക്ഷ്മമായി പഠിക്കാന്‍ ആരംഭിച്ചതിന് ശേഷം സ്ത്രീകളുടെ കാര്യത്തിലെ ഏറ്റവും ഉയര്‍ന്ന ലൈംഗികാതിക്രമ നിരക്ക് ഇതാണെന്നാണ് ഞങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്,” പെന്റഗണിന്റെ ഓഫീസ് ഓഫ് ഫോഴ്‌സ് റെസിലിയന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എലിസബത്ത് ഫോസ്റ്റര്‍ പറഞ്ഞു.
”ഈ കണക്കുകള്‍ ദാരുണവും അങ്ങേയറ്റം നിരാശാജനകവുമാണ്,” ഫോസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ തോത് രണ്ടാമതാണ്. 2006ലായിരുന്നു ഏറ്റവും ഉയര്‍ന്ന നില.
ആക്രമണങ്ങളില്‍ ഏറ്റവുമധികം വര്‍ധനവുണ്ടായത് സൈന്യത്തിലാണ്, 26 ശതമാനം. നേവി 19 ശതമാനം, വ്യോമസേനയിലും നാവികസേനയിലും രണ്ട് ശതമാനം വീതവും ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു.
ഇക്കഴിഞ്ഞ ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൈനിക നിയമപ്രകാരം ലൈംഗികാതിക്രമം കുറ്റകരമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.
Content Highlight: Pentagon says 13 percent Rise In Sexual Assault Cases In US Military In 2021